ന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് രണ്ട് എംപിമാരെ ആംആദ്മി പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ധരമവീര ഗാന്ധി, ഹരീന്ദർ സിങ് ഖൽസ എന്നിവർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. ഇവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. ആകെ നാല് എംപിമാരാണ് നിലവിൽ ആംആദ്മി പാർട്ടിക്കുള്ളത്.

ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റിയാണ് ഇവരെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് പാർട്ടിയുടെ ദേശീയ അച്ചടക്ക സമിതിക്ക് ശുപാർശയും നൽകിയിട്ടുണ്ട്. പഞ്ചാബിലെ പട്യാല മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ധരമവീര ഗാന്ധി. ഖൽസ പഞ്ചാബിലെതന്നെ ഫത്തേഗഡ് മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയും.