കോഴിക്കോട്: ഏഴ് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കാസർഗോഡ് കുമ്പള സ്വദേശികളായ ജലാൽ മൻസിലിൽ ജലാൽ, ബത്തേരി വീട്ടിൽ ഉമ്മർ എന്നിവരാണ് അറസ്റ്റിലായത്. ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കസബ പൊലീസും പാളയത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിലായത്. കസബ സബ്ബ് ഇൻസ്‌പെക്ടർ സിജിത്തും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

പ്രതികൾ സഞ്ചരിച്ച ബൈക്കും, കൈവശമുണ്ടായിരുന്ന 7.100 കിലോ ഗ്രാം കഞ്ചാവും പൊലീസ് കസ്റ്റഡിയിലെടുത്തു. ചില്ലറ വിപണയിൽ 5 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. ഇടപാടുകാർക്കായി കഞ്ചാവ് കൊണ്ടുവരുന്ന വഴിയാണ് പൊലീസ് പിടികൂടിയത്. കഞ്ചാവ് മൊത്തവില്പനക്കാരനായ കാസർഗോഡ് സ്വദേശിയിൽനിന്നും വാങ്ങി കോഴിക്കോട്ടേക്ക് ബൈക്കിൽ കടത്തി കൊണ്ടുവന്ന് വില്പന നടത്തി തിരിച്ചു പോകാറാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് പറഞ്ഞു. കാസർഗോട്ടെ മൊത്തം വില്പനകാരനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അയാൾക്കെതിരെ ശക്തമായ അന്വേഷണം നടത്തുമെന്നും നാർക്കോട്ടിക്ക് സെൽ എ.സി.പി സുനിൽ കുമാർ പറഞ്ഞു.

കോഴിക്കോട് സിറ്റി ജില്ല ഡെപ്യൂട്ടി പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദ്ദേശത്തെത്തുടർന്ന് കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ എസി പി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഡൻസാഫ് ശക്തമായ പരിശോധന നടത്തി വരികയാണ്.കഴിഞ്ഞ മാസം 125 കിലോയോളം കഞ്ചാവുമായി ചാത്തമംഗലം സ്വദേശി പിടിയിലായിരുന്നു. കസബ എസ്‌ഐ ശ്രീജേഷ്, എഎസ്ഐ അഷ്‌റഫ്, സീനിയർ സി.പി.ഒ സുധർമ്മൻ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐമാരായ എം.മുഹമ്മദ് ഷാഫി, എം.സജി, സീനിയർ സി.പി.ഒമാരായ കെ.അഖിലേഷ്, കെ.എ.ജോമോൻ, എം.ജിനേഷ്, എ.വി സുമേഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.