ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊന്ന കേസിൽ രണ്ടു ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ. പ്രസാദ്, കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ഗൂഢാലോചനയിൽ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. അക്രമി സംഘത്തിന് വാഹനം എത്തിച്ചു നൽകിയത് മണ്ണഞ്ചേരി സ്വദേശിയായ പ്രസാദാണ്. വാഹനം കൊണ്ടുപോയത് വെൺമണി സ്വദേശി കൊച്ചുകുട്ടനാണെന്നും ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞാണ് വാഹനം സംഘടിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, കൊല്ലപ്പെട്ട ഷാന്റെ ഖബറടക്കം ഇന്നു വൈകുന്നേരം മൂന്നിന് നടത്തും. മണ്ണഞ്ചേരി പൊന്നാട് പള്ളി ഖബറിസ്ഥാനിലാണ് സംസ്‌കാരം നടത്തുക. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പതിനൊന്നുപേർ കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. അക്രമി സംഘം ആബുംലൻസിൽ എത്തിയെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഡിപിഐയുടെ ഒരു ആംബുലൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ നിന്ന് മാരകായുധങ്ങൾ പിടിച്ചെടുത്തു എന്നാണ് സൂചന.

ഇന്ന് പുലർച്ചെയാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ കൊലപാതകത്തിന് മണിക്കൂറുകൾക്കുള്ളിലാണ് ബിജെപി നേതാവിനെയും വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൂടിയാണ് രഞ്ജിത്.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ. സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാൽപ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. പിന്നിൽനിന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടറിൽ ഇടിപ്പിച്ച് ഷാനെ വീഴ്‌ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

സംഘർഷ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സംഘർഷ സാധ്യതയുള്ള മേഖലകളിൽ സേനയെ വിന്യസിക്കും. വാഹന പരിശോധന ശക്തമാക്കും. ആലപ്പുഴയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണെന്നും കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്റെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ കൊലപാതകങ്ങൾ അന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്താണ് ഡിജിപി അനിൽ കാന്തിന്റെ ജാഗ്രതാ നിർദ്ദേശം. പ്രശ്ന സാധ്യത മേഖലകളിൽ പൊലീസിനെ വിന്യസിക്കാനും പട്രോളിങ് ഏർപ്പെടുത്താനും ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.