- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദാപുരത്ത് യുവാവിന് നേരെ പൊലീസിന്റെ ക്രൂരമർദ്ദനം: വളയം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സ്ഥലം മാറ്റം; മർദ്ദിച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് പറയുമ്പോഴും കൂടിപ്പോയെന്ന് കോഴിക്കോട് റൂറൽ എസ്പി; പൊലീസുകാർക്കെതിരെ കേസെടുക്കാത്തത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാതിരിക്കാനെന്നും വാദം; പരാതി പറയാനെത്തിയ യുവാവിനെയും കുടുംബത്തെയും സ്റ്റേഷനിൽ നിന്നും പുറത്താക്കി; സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു കുടുംബം
കോഴിക്കോട്: നാദാപുരം വളയം മേഖലയിൽ യുവാവിന് നേരെ പൊലീസിന്റെ ക്രൂര മർദ്ദനം. നെല്ലിയുള്ളതിൽ സുധീഷ് എന്ന സുനിലിനാണ് പൊലീസിന്റെ ക്രൂര മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. തലയ്ക്കും കൈയിലും പരിക്കേറ്റ സുധീഷിനെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. സംഭവത്തിൽ രണ്ട് പൊലീസുകാരെ സ്ഥലം മാറ്റിയതായി കോഴിക്കോട് റൂറൽ എസ്പി അറിയിച്ചു. വളയം പൊലീസ് സ്റ്റേഷനിലെ മധു, ദിലീപ് എന്നീ പൊലീസുകാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
വാണിമേൽ കാര്യാട്ട് അയ്യപ്പക്ഷേത്രത്തിന് സമീപം വൈകിട്ട് ആളുകൾ കൂട്ടം ചേർന്ന് മദ്യപിക്കുന്നതായി നാട്ടുകാർ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പൊലീസാണ് സുധീഷിനെ മർദ്ദിച്ചത്. പൊലീസ് എത്തിയ ഉടനെ ലാത്തിവീശുകയും മദ്യപിച്ചിരുന്നവരെ ഓടിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ കയറിയാണ് സുധിഷീനെ അക്രമിച്ചത്. സുധീഷ് മദ്യപന്മാരുടെ സംഘത്തിൽ ഉണ്ടായിരുന്ന ആളല്ലായിരുന്നു. നിരപരാധിയായ സുധീഷിനെ വീട്ടിൽ കയറി ലാത്തി മുറിയുന്നതുവരെ മർദ്ദിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സംഭവത്തിൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വളയം പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ 11 മണിക്ക് പരാതി നൽകാനെത്തിയ സുധീഷിനെയും കുടുംബത്തെയും പൊലീസ് സ്റ്റേഷനിൽ നിന്ന് അപമാനിച്ച് ഇറക്കി വിടുകയും പരാതി സ്വീകരിക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുധീഷും കുടുംബവും പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു. ഇതിന് ശേഷമാണ് സുധീഷിന്റെയും കുടുംബത്തിന്റെയും പരാതി കേൾക്കാനും ചർച്ച ചെയ്യാനും പൊലീസ് തയ്യാറായത്.
സമരമാരംഭിച്ച സുധീഷുമായും കുടുംബവുമായും എഎസ്പി അങ്കിത് അശോകൻ ചർച്ച നടത്തുകയും കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വളയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ കൺട്രോൾ റൂം ഡ്രൈവർ ദിലീപ്, മധു എന്നിവരെ സ്ഥലം മാറ്റിയിരിക്കുന്നത്. അതേ സമയം അക്രമം നടത്തിയ പൊലീസുകാർക്കെതിരെ കേസെടുക്കാനാകില്ലെന്നും അത് പൊലീസിന്റെ മനോവീര്യം തകർക്കുന്നതുമാണെന്നും റൂറൽ എസ്പി ശ്രീനിവാസൻ പറഞ്ഞു. പൊലീസിന്റെ മർദ്ദനം അൽപം കൂടിപ്പോയതായി ബോധ്യപ്പെട്ടിട്ടുണ്ട്. സംഭവ സ്ഥലത്ത് നടന്ന ലാത്തിച്ചാർജ്ജിനിടയിലാണ് പരാതിക്കാരന് പരിക്കേറ്റതെന്നും റൂറൽ എസ്പി പറഞ്ഞു.