കാഞ്ഞങ്ങാട്: രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയെ ട്രെയിനിൽ വച്ച് കയ്യേറ്റം ചെയ്ത കേസിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ രണ്ട് നേതാക്കളെ തിരിച്ചെടുത്തു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ വാഴുന്നോറടി എന്നിവരെയാണ് ഇന്ന് കെപിസിസി തിരിച്ചെടുത്തത്.

കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടെ എം പിയെ ട്രെയിനിൽ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. എം പി യുടെ പരാതിയിൽ രജിസ്റ്റ്രർ ചെയ്ത കേസ് കാസർകോട് റെയിൽവെ പൊലീസിന്റെ പരിഗണനയിലുണ്ട്. ഡിസിസി യുടെ ശുപാർശയിലാണ് ഇരുവരെയും തിരിച്ചെടുത്തത്.

മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യവേയാണ് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായത് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കൾക്കെതിരെ റെയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു. 2021 ഓഗസ്റ്റ് എട്ടാം തിയതി ഞായറാഴ്‌ച്ച വൈകിട്ട് ഏഴ്മണിക്കായിരുന്നു സംഭവം. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു എംപി.

അസഭ്യവർഷം നടത്തുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്നാണ് പരാതി. കാഞ്ഞങ്ങാട്ടുനിന്നാണ് ട്രെയിനിൽ കയറിയത്. എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരൻ, എകെഎം അഷ്റഫ്, കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പേരിയയും ഒപ്പമുണ്ടായിരുന്നു.

യാത്രക്ക് മുമ്പ് രാജ്‌മോഹൻ ഉണ്ണിത്താന്റെ ഫോണിലേക്ക് വിളിച്ച് എംപിയുടെ യാത്രയെ കുറിച്ച് പ്രതികൾ വിവരം അന്വേിഷിച്ചിരുന്നു. മൂന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ വിശ്വസ്തനാണ് പത്മരാജൻ. നിയമസഭ തെരഞ്ഞെടുപ്പ്, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എംപിയുടെ ഓഫീസിനു മുൻപിൽ കരിങ്കൊടി കെട്ടിയതും പത്മരാജന്റെ നേതൃത്വത്തിലായിരുന്നു.

അന്വേഷണവിധേയമായി ആറുമാസത്തേക്കാണ് പാർട്ടിയിൽ നിന്ന് ഇരുനേതാക്കളെയും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പുറത്താക്കിയത്. മാവേലി എക്സ്‌പ്രസിൽ വച്ച് രാജ്‌മോഹൻ ഉണ്ണിത്താനോട് അപമര്യാദയായി പെരുമാറിയത് ഗൗരവതരവും, കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതും ആണെന്നും, പാർട്ടി വിരുദ്ധവും, അച്ചടക്ക ലംഘനവും ആണെന്ന് സർക്കുലറിൽ പറഞ്ഞിരുന്നു.