അബൂദബി: വെള്ളിയാഴ്ച പുലർച്ചെ പശ്ചിമ മേഖലയിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞിൽ അബുദബി മഞ്ഞിൽ കുളിച്ചു. കനത്ത മൂടൽ മഞ്ഞനുഭവപ്പെട്ടതോടെ വാഹന ഗതാഗതവും തടസ്സപ്പെട്ടു.മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ചയിൽ കുറവുണ്ടാകുകയും ഇന്ധന ടാങ്കർ അടക്കം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുകയും രണ്ട് വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തു.

അപകടത്തിൽ രണ്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ്, ഇന്ധന ടാങ്കർ, പിക്കപ്പ് വാൻ എന്നിവയാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തീപിടിച്ച ബസും ഇന്ധന ടാങ്കറും പൂർണമായും കത്തിനശിച്ചു. മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. അപകടം നടന്ന വിവരം ലഭിച്ചയുടൻ ട്രാഫിക് പട്രോൾസ്, ആംബുലൻസുകൾ  തുടങ്ങിയവ സ്ഥലത്തത്തെി. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും അഞ്ച് പേർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയതായും പൊലീസ് അറിയിച്ചു.അർധരാത്രിയും പുലർച്ചെയും മൂടൽമഞ്ഞ് അനുഭവപ്പെടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ അതീവ ശ്രദ്ധ പുലർത്തണമെന്ന് പൊലീസ് നിർദേശിച്ചു.

വാഹനങ്ങൾ നിയന്ത്രിത വേഗതയിൽ ഓടിക്കാനും മറ്റ് വണ്ടികളുമായി നിശ്ചിത അകലം പാലിക്കാനും ശ്രദ്ധിക്കണം. കനത്ത മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ കാഴ്ചയിൽ കുറവ് സംഭവിക്കുമെന്നതിനാൽ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം. കനത്ത മൂടൽമഞ്ഞുള്ളപ്പോൾ വാഹനം പെട്ടെന്ന് നിർത്തുന്നതിന് പകരം സാവധാനം വേഗത കുറച്ച് നിർത്തിയിടണം. വാഹനം നിർത്തിയിട്ട ശേഷം റോഡിൽ മൂടൽ മഞ്ഞിലൂടെ നടക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.