മസ്‌ക്കറ്റ്: ഒമാനിൽ അതിശക്തമായ മഴ ജനജീവിതം ദുസഹമാക്കുന്നു. വാദികൾ പലതും കരകവിഞ്ഞ് ഒഴുകിയിരിക്കുകയാണ്. വാഹനം ഒഴുക്കിൽപ്പെട്ട് രണ്ട് ഒമാനി യുവാക്കൾ മരിച്ചു. ഖുറൈയാത്ത് പ്രവിശ്യയിലെ വാദി കബീലിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചവരാണ് അപകടത്തില്‌പെട്ടത്.

ദാങ്ക് പ്രവിശ്യയിലെ വാദി ബനി കരൂസിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ട മൂന്ന് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയിരുന്നു.ന്യൂനമർദ്ദത്തെ തുടർന്ന് ഒമാനിൽ കനത്ത മഴയാണ്. ഇത് രണ്ട് ദിവസം തുടരുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്.

കനത്ത മഴയെ തുടർന്ന് റെഡ് ബുൾ എഫ്1 ഷോറൺ അധികൃതർ റദ്ദാക്കി. സ്‌കോട്ടിഷ് ഡ്രൈവർ ഡേവിഡ് കൗൽടാഡ് ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ മഴയിൽ രണ്ട് മണിക്കൂർ മൽസരം 2 മിനിട്ടിൽ അധികൃതർക്ക് അവസാനിപ്പിക്കേണ്ടി വന്നു. മുട്ര തീരറോഡിലായിരുന്നു മൽസരം.

നിസ്വ, ഇബ്രി, ബഹ്ല, റതഖ്, സിനാന, നഖൽ തുടങ്ങിയ റോഡുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇതിനിടെ സമയിൽ പ്രവിശ്യയിലെ ചില ഭാഗങ്ങൾ മഞ്ഞുമൂടിയത് കൗതുകമായി.

മസ്‌കത്ത്, റുസ്താഖ്, ഇബ്ര,സൂർ അടക്കമുള്ള പല ഭാഗങ്ങളിലും മഴ തുടരുകയാണ്. ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായിട്ടുണ്ട്. വാദികൾ നിറഞ്ഞൊഴുകുന്നത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. മസ്‌കത്ത് ഗവർണറേറ്റിന്റെ പല ഭാഗങ്ങളിലും ഉച്ച മുതൽ തന്നെ മഴ ആരംഭിച്ചിരുന്നു.