ഒർലാന്റോ (ഫ്ളോറിഡ): സെൻട്രൽ ഫ്ളോറിഡ സെപ്റ്റംബർ 28 ന് ഉണ്ടായ വ്യത്യസ്ത സംഭവത്തിൽ നാലുവയസ്സുള്ള ആൺകുട്ടിയും, ഒരു വയസ്സുള്ള പെൺകുട്ടിയും കാറിലിരുന്നു ചൂടേറ്റ് മരിച്ചതായി ഓറഞ്ച് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. ഫ്ളോറിഡയിലെ കാലാവസ്ഥയിൽ ഇങ്ങനെ സംഭവിക്കുന്നത് അസാധാരണമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് എലൈറ്റ് പ്രിപ്പറേട്ടറി അക്കാദമിയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ നാലു വയസ്സുകാരനെ കണ്ടെത്തിയതായി വഴിയാത്രികൻ പൊലീസിനെ അറിയിച്ചു. ഉടനെ പൊലീസ് കുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറു പൂട്ടിയിരുന്നതായും എൻജിൻ ഓഫ് ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.

ഏഴു മണിക്കൂറിനുശേഷം സാൻഫോർഡ് ഗ്യാസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിനകത്താണ് ഒരു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി മരിച്ച കേസിൽ മാതാവ് കെയ്ലിൻ പൊള്ളാർഡിനെ പൊലീസ് അറസ്റ്റു ചെയ്തു. ജയിലിലടച്ച ഇവർക്കു ജാമ്യം അനുവദിച്ചിട്ടില്ല.സാധാരണ ജോലിക്കു പോകുമ്പോൾ കുട്ടിയെ ഡെ കെയറിൽ ആക്കിയിരുന്നതായി കെയ്ലിൻ പറഞ്ഞു.

എന്നാൽ ഗ്യാസ് സ്റ്റേഷനിൽ പാർക്ക് ചെയ്ത കാറിൽ കുട്ടിയെ മറന്നുവയ്ക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. 7 മണിക്കൂർ കാറിനകത്തിനുന്ന കുട്ടി വെന്തുമരിക്കുകയായിരുന്നു. കാറിനകത്ത ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം പ്രതിവർഷം ശരാശരി 41 ആണെന്നു സേഫ്റ്റി ഓർഗനൈസെഷൻ കിഡ്സ് ആൻഡ് കാർഡ് സർവ്വേയിൽ പറയുന്നു. കഴിഞ്ഞ വർഷം 47 പേരാണ് മരിച്ചത്.