കോഴിക്കോട്: രണ്ടുമാസത്തിനിടെ കോഴിക്കോട് നഗരത്തിൽ നടന്നത് രണ്ട് കൂട്ടബലാത്സംഗങ്ങൾ. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ രണ്ടു കേസുകളും രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ നാല് പ്രതികളേയും പിടികൂടാൻ കഴിഞ്ഞെങ്കിലും കഴിഞ്ഞ ജൂലായ് മാസം നടന്ന മറ്റൊരു കൂട്ട ബലാത്സംഗ കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞദിവസം ചേവരമ്പലത്തെ ഫ്ളാറ്റിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയായ കൊല്ലം സ്വദേശിനി ടിക് ടോക് വഴിയാണ് മുഖ്യപ്രതിയായ അത്തോളി സ്വദേശി അജ്നാസിനെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് ചാറ്റിങ്ങിലൂടെയും ഫോൺവിളികളിലൂടെയും വളർന്നു. പ്രേമം നടിച്ച് അജ്നാസ് യുവതിയെ വലയിലാക്കുകയും ചെയ്തു. ഒടുവിൽ കഴിഞ്ഞ ബുധനാഴ്ച യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

കേസിൽ കസ്റ്റഡിയിലുള്ള നാല് പ്രതികളെയും ചേവായൂരിലെ ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ലോഡ്ജ് പൊലീസ് അടച്ചുപൂട്ടി. പ്രതികൾക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം തുടങ്ങിട്ടുണ്ട്. തെളിവെടുപ്പിനിടെ ബിജെപി പ്രതിഷേധം ഉണ്ടായി.



ലോഡ്ജിന്റെ ലെഡ്ജർ പിടിച്ചെടുത്ത് പരിശോധിച്ചതിൽ വിദ്യാർത്ഥിനികളും യുവതികളും വ്യാപകമായി ലോഡ്ജിലേക്ക് എത്തിയതായി കണ്ടെത്തി. സംശയാസ്പദമാണ് ഇവിടുത്തെ പ്രവർത്തനങ്ങളെന്നും പൊലീസ് പറയുന്നു.

അത്തോളി സ്വദേശികളായ ഷുഹൈബ്, ലിജാസ്, അജ്‌നാസ്, ഫഹദ് എന്നിവരാണ് പ്രതികൾ. കൊല്ലം സ്വദേശിയായ 32 കാരിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു പ്രതികൾ. ടിക്ടോക് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ കൊല്ലത്ത് നിന്നും കോഴിക്കോട്ടെത്തിയതായിരുന്നു യുവതി. കോഴിക്കോടെത്തിയ ശേഷം അത്തോളി സ്വദേശിയായ അജ്‌നാസ് കാറിൽ യുവതിയെ ചേവരമ്പലത്തെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. മദ്യവും മയക്കുമരുന്നും നൽകി അർധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തിയെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

അജ്നാസും രണ്ടാംപ്രതി ഫഹദും കൂടിയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യുവതിയെ വിളിക്കാനെത്തിയത്. തുടർന്ന് ഫഹദിന്റെ കാറിൽ ചേവരമ്പലത്തെ ഫ്ളാറ്റിൽ എത്തിച്ചു. അതിനിടെ, അജ്നാസും യുവതിയും പണത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടായതായും പറയുന്നു.

ചേവരമ്പലത്തിലെ ഫ്ളാറ്റിൽവെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത് ആസൂത്രിതമായ കുറ്റകൃത്യമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ഫ്ളാറ്റിൽ പ്രതികൾ രണ്ട് മുറികളാണ് ബുക്ക് ചെയ്തിരുന്നത്. ഒരുമുറിയിൽവെച്ച് അജ്നാസാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്. പിന്നാലെ തൊട്ടടുത്ത മുറിയിൽ കാത്തിരിക്കുകയായിരുന്ന മൂന്നുപേരെ ഈ മുറിയിലേക്ക് വിളിച്ചുവരുത്തി. ഇവർ ബലമായി മദ്യവും ലഹരിവസ്തുക്കളും നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.

കൂട്ടബലാത്സംഗത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്വാസതടസ്സവും ഉണ്ടായി. ബോധക്ഷയവും സംഭവിച്ചു. ഇതോടെ പരിഭ്രാന്തരായ പ്രതികൾ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവമറിഞ്ഞയുടൻ പൊലീസ് പ്രതികൾക്കായി ഊർജിതമായ അന്വേഷണം ആരംഭിച്ചു.

മെഡിക്കൽ കോളേജ് എ.സി.പി. കെ. സുദർശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ആദ്യമണിക്കൂറുകളിൽതന്നെ മുഖ്യപ്രതിയായ അജ്നാസിനെയും ഫഹദിനെയും പൊലീസ് പിടികൂടിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം മറ്റുപ്രതികളായ ശുഹൈബും ലിജാസും പൊലീസിന്റെ പിടിയിലായി.

കൂട്ടബലാത്സംഗത്തിന്റെ വാർത്തകൾ പുറത്തുവന്നതോടെ ശുഹൈബും ലിജാസും ഒളിവിൽപോയിരുന്നു. ഇവരുടെ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും കക്കയം വനമേഖലയിലെ രഹസ്യകേന്ദ്രത്തിൽ ഒളിവിലുണ്ടെന്ന വിവരം ലഭിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെ പൊലീസ് സംഘം രഹസ്യകേന്ദ്രം വളഞ്ഞു. ഇതോടെ പൊലീസിനെ ആക്രമിച്ച് ഉൾവനത്തിലേക്ക് കടക്കാനായി പ്രതികളുടെ ശ്രമം. ഓടിരക്ഷപ്പെടാനും ശ്രമിച്ചു. തുടർന്ന് രണ്ടുപേരെയും പൊലീസ് സംഘം പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

ചേവരമ്പലത്തെ കൂട്ടബലാത്സംഗക്കേസിൽ 48 മണിക്കൂറിനുള്ളിൽ എല്ലാ പ്രതികളെയും പിടികൂടാൻ കഴിഞ്ഞത് പൊലീസിന് അഭിമാനകരമാണെങ്കിലും ആഴ്ചകൾക്ക് മുമ്പ് നടന്ന ചേവായൂർ കൂട്ടബലാത്സംഗ കേസിൽ പൊലീസ് ഇപ്പോഴും ഇരുട്ടിൽതപ്പുകയാണ്. ജൂലായിലാണ് ചേവായൂരിൽ മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ സ്വകാര്യബസിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തത്. കേസിൽ കുന്ദമംഗലം സ്വദേശികളായ ഗോപീഷ്, മുഹമ്മദ് ഷമീർ എന്നിവർ പിടിയിലായി. എന്നാൽ മറ്റൊരു പ്രതിയായ ഇന്ത്യേഷ് കുമാറിനെ ആഴ്ചകൾ പിന്നിട്ടിട്ടും പിടികൂടാൻ കഴിഞ്ഞില്ല.

കേസിലെ രണ്ടാംപ്രതി ഇന്ത്യേകുമാർ ഇപ്പോഴും പൊലീസിനെ വെട്ടിച്ച് ഒളിവിൽകഴിയുകയാണ്. പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം തമിഴ്‌നാട്ടിൽ എത്തിയിരുന്നു. എന്നാൽ അവിടെനിന്നും പ്രതി രക്ഷപ്പെടുകയായിരുന്നു.



ചേവായൂരിലെ വീട്ടിൽനിന്ന് രക്ഷിതാക്കളോട് പിണങ്ങിയിറങ്ങിയ യുവതിയെ മെഡിക്കൽ കോളേജിനു സമീപം മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്തുവെച്ച് ഗോപീഷും ഇന്ത്യേഷും സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. അടുത്തുതന്നെയുള്ള കോട്ടാപറമ്പ് ഷെഡ്ഡിൽ നിർത്തിയിട്ട ബസ്സിലെത്തിച്ച് ബലാത്സംഗംചെയ്തു. പിന്നീട്, സുഹൃത്ത് മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. അയാളും യുവതിയെ പീഡിപ്പിച്ചു.

ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങികൊടുത്ത് കുന്ദമംഗലം ഓട്ടോസ്റ്റാൻഡിനടുത്ത് ഇറക്കിവിടുകയായിരുന്നു. രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. തുടർന്ന് ചേവായൂർ പൊലീസിൽ പരാതിപ്പെട്ടു. പ്രതികൾ യുവതിയുമായി സ്‌കൂട്ടറിൽ പോവുന്നതിന്റെ അവ്യക്തമായ സി.സി.ടി.വി.ദൃശ്യം മാത്രമാണ് പൊലീസിന് ലഭിച്ചത്.