കൊച്ചി: യുവതിയ്‌ക്കൊപ്പം ഫോട്ടോയെടുത്തു സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം ഈർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.നിലവിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി ഉടുമ്പൻചോല സ്വദേശികളായ മഹേഷ് ജോർജ് (32), ഷിബു ജോർജ് (28) എന്നിവരെയാണു സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവർക്കു പുറമേ മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത്:

വളഞ്ഞമ്പലം ഭാഗത്തു ജോബ് കൺസൽറ്റൻസി നടത്തുന്ന പരാതിക്കാരനെ ജോലിയാവശ്യത്തിനായി ഒരു സ്ത്രീയോടു നേരിട്ട് ഓഫിസിൽ വരാൻ നിർദ്ദേശിച്ചിരുന്നു. പിന്നീട് ഈ സ്ത്രീ വീണ്ടും വിളിച്ച് ഓഫിസിലേക്ക് വരാനുള്ള വഴി അന്വേഷിച്ചു. എന്നാൽ, ഈ സമയത്ത് ഓഫിസിനു പുറത്തായിരുന്ന പരാതിക്കാരൻ നിൽക്കുന്ന സ്ഥലത്തേക്കു ചെല്ലാമെന്നു യുവതി പറഞ്ഞു.

പരാതിക്കാരൻ അവിടെ നിൽക്കുമ്പോൾ ഷാഡോ പൊലീസ് ആണെന്നു പറഞ്ഞു പ്രതികൾ കാറിന്റെ താക്കോൽ ഊരിയെടുത്ത് അയാളെ പിൻസീറ്റിൽ ഇരുത്തി മർദിച്ചു. ഇടിയിൽ 4 പല്ലുകൾ ഇളകിപോയി. മൊബൈൽ ഫോൺ, 12,500 രൂപ, വെള്ളി മാല എന്നിവ പിടിച്ചുപറിച്ചു. പിന്നീട് ഫോർഷോർ റോഡിലേക്ക് കൊണ്ടുപോയി. അവിടെ വച്ചു ഒരു സ്ത്രീയും (25) പുരുഷനും (35) കൂടി കാറിൽ കയറി. സ്ത്രീയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് എടിഎമ്മിൽ നിന്ന് 7500 രൂപയും ക്രെഡിറ്റ് കാർഡ് വഴി 9500 രൂപയുടെ മൊബൈൽ ഫോണും വാങ്ങി. പിന്നീട് നോർത്ത് റെയിൽവേ സ്റ്റേഷന്റെ ഭാഗത്തുള്ള ബാറിൽ പോയി മദ്യപിച്ചു.

പ്രതികളുടെ ബോധം നഷ്ടപ്പെട്ടപ്പോൾ പരാതിക്കാരൻ കാറെടുത്തു രക്ഷപ്പെടുകയായിരുന്നത്രെ. ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന ഭയം മൂലം പൊലീസിൽ പരാതിപ്പെട്ടില്ല. ഇതിനിടെ ഈ സ്ത്രീ വീണ്ടും കാണണമെന്ന് ആവശ്യപ്പെട്ടു വിളിച്ചു. ഭീഷണി സഹിക്കവയ്യാതായപ്പോഴാണ് പൊലീസിൽ പരാതി നൽകി. എസിപി കെ. ലാൽജിയുടെ നിർദ്ദേശ പ്രകാരം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ വിബിൻ കുമാർ, തോമസ് പള്ളൻ, സീനിയർ സിപിഒ അനീഷ്, സിപിഒമാരായ രഞ്ജിത്ത്, ഇസഹാക് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.