ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് വേദിയിൽ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി മോശം പെരുമാറ്റത്തിന് രണ്ടുപേർ അറസ്റ്റിൽ. ലൈംഗിക അതിക്രമത്തിനാണ് ഇവരിൽ ഒരാൾ പിടിയിലായത്. ഗെയിംസ് ഇന്ന് അവസാനിക്കാനിരിക്കെയാണ് നാടിനാകെ അപമാനമായി രണ്ട് ഇന്ത്യൻ പ്രതിനിധികൾ പിടിയിലായത്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജീവ് മേത്ത, ഗുസ്തി റഫറി വീരേന്ദർ മാലിക് എന്നിവരാണ് പിടിയിലായത്. ലൈംഗിക അതിക്രമത്തിന് പിടിയിലായത് വീരേന്ദർ മാലിക്കാണ്. മദ്യപിച്ച് വാഹനമോടിച്ചതിനാണ് രാജീവ് മേത്ത പിടിയിലായത്. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഇരുവരെയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

ഗെയിംസിന് ഇന്ത്യ അയച്ച 305 അംഗ സംഘത്തിലുൾപ്പെട്ടവരാണ് ഇരുവരും. സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. പതിനൊന്നു ദിവസം നീണ്ടുനിന്ന ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. 14 സ്വർണമുൾപ്പെടെ 61 മെഡലാണ് ഇന്ത്യ ഇതുവരെ നേടിയത്. ഇന്ത്യയുടെ കായിക സംസ്‌കാരത്തിനുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് പുതിയ സംഭവവികാസങ്ങൾ.