ഗ്ലാസ്‌ഗോ: കോമൺ വെൽത്ത് ഗെയിംസിനിടെ ഗ്ലാസ്‌ഗോയിൽ അറസ്റ്റിലായ ഇന്ത്യൻ ഒഫീഷ്യലുകൾക്കെതിരായ കേസ് സ്‌കോട്‌ലന്റ് യാർഡ് പൊലീസ് പിൻവലിച്ചു. കുറ്റം തെളിക്കാൻ ആവശ്യമായ തെളിവില്ലെന്നാണ് സ്‌കോട്‌ലന്റ് പൊലീസിന്റെ വിശദീകരണം. ഗുസ്തി റഫറി വീരേന്ദർ മാലിക്കിനെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി രാജീവ് മെഹ്ത്തയെയും ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാലിക്കിനെതിരെ ലൈംഗികാതിക്രമ ആരോപണവും മെഹ്ത്തയ്‌ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചെന്ന പാരാതിയിലുമായിരുന്നു അറസ്റ്റ്.

 തെളിവുകൾ ഇല്ലാത്തതിനാൽ ഇരുവരെയും സ്‌കോട്ട് ലൻഡ് യാർഡ് പൊലീസ് കോടതിയിൽ ഹാജരാക്കുക പോലും ചെയ്തില്ലെന്ന് ഉത്തർപ്രദേശ് ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ആനന്ദേശ്വർ പാണ്ഡെ അറിയിച്ചു. അതേസമയം ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ സംഭവവുമായി ബന്ധപ്പെട്ട് മാലിക്കിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര കായിക മന്ത്രി സർബനന്ദ സോനോവാൾ അറിയിച്ചിരുന്നു.