സിംഗപ്പൂർ: കറൻസി എക്‌സ്‌ചേഞ്ച് ബിസിനസ് നടത്തിയിരുന്ന വ്യക്തിയെ കൊള്ളയടിച്ച കേസിൽ രണ്ട് ഇന്ത്യൻ വംശജർക്ക് സിംഗപ്പൂർ കോടതി ജയിൽ ശിക്ഷ വിധിച്ചു. 2014-ൽ നടന്ന കേസ് ആസ്പദമാക്കിയാണ് ഇവർക്ക് ജയിൽ ശിക്ഷയും ചൂരലിന് അടിയും നൽകിയിരിക്കുന്നത്.

നാല്പത്തി മൂന്നുകാരനായ അണ്ണാദുരൈ, ഇരുപത്തൊമ്പതുകാരനായ മൂർത്തി പെരുമാൾ എന്നിവർക്കാണ് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. 2014 നവംബർ അഞ്ചിന് അലി യൂസഫ് സായിബൂ എന്ന വ്യക്തിയുടെ 430,000 ഡോളറിന്റെ കറൻസികളും രണ്ട് മൊബൈൽ ഫോണും അടങ്ങിയ ബാഗ്  കൊള്ളയടിക്കാൻ ശ്രമിച്ച സംഘത്തിലെ അംഗങ്ങളാണ് ഇവർ.

അണ്ണാദുരൈയ്ക്ക് ഏഴു വർഷം തടവും 12 ചൂരൽ അടിയും ലഭിച്ചപ്പോൾ പെരുമാളിന് ഒമ്പതു വർഷത്തെ തടവും അടിയുമാണ് വിധിച്ചിരിക്കുന്നത്. പെരുമാളാണ് കൊള്ള ആസൂത്രണം ചെയ്തതും നടപ്പാക്കാൻ മുന്നിൽ നിന്നതും. സംഘത്തിലെ മറ്റൊരംഗമായ ഇരുപത്തെട്ടുകാരനായ രവി സാന്ധിര സാഗരന് ഏഴു വർഷത്തെ തടവ് മുമ്പ് വിധിച്ചിരുന്നു.