- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഉത്തർപ്രദേശിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ കെട്ടുകഥയുടെ അടിസ്ഥാനത്തിൽ'; അറസ്റ്റിലായവരെ നിയോഗിച്ചത് ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ പ്രവർത്തനത്തിന് എന്നും പോപ്പുലർ ഫ്രണ്ട്; യുപിയിൽ നടക്കുന്നത് ദേശസുരക്ഷയുടെ പേരിലുള്ള വേട്ടയാടലെന്നും ആരോപണം
ലഖ്നൗ: മലയാളികളായ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സ്ഫോടക വസ്തുക്കളുമായി ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തത് പൊലീസിന്റെ കെട്ടുകഥയെന്ന് പോപ്പുലർ ഫ്രണ്ട്. അറസ്റ്റിലായവർ സംഘടന വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെന്നും പോപ്പുലർ ഫ്രണ്ട് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇരുവരെയും ഈ മാസം 11 ന് ശേഷം ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാർ അറിയിച്ചിരുന്നെന്നും കുറിപ്പിൽ പറയുന്നു. കാണ്മാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി കുടുംബങ്ങൾ നൽകിയിരുന്നെന്നും പിഎഫ് ഐ അറിയിച്ചു. ദേശീയ സുരക്ഷയുടെ പേരിൽ കെട്ടുകഥകൾ യുപി പൊലീസ് ചമയ്ക്കുന്നുവെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
പത്തനംതിട്ട സ്വദേശി അൻസാദ് ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവരെയാണ് ഗുഡംബ മേഖലയിൽ നിന്ന് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഉത്തർപ്രദേശ് പൊലീസിന്റെ നരവേട്ടയാണ് ഇതെന്ന ആരോപണം പോപ്പുലർ ഫ്രണ്ട് ഉയർത്തുമ്പോൾ വസന്ത് പഞ്ചമി ദിവസം സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും യുപി എജിപി പ്രശാന്ത് കുമാർ പറഞ്ഞു. ചില ഹിന്ദു സംഘടനാ നേതാക്കളെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടു. 16 സ്ഫോടക വസ്തുക്കളും മറ്റു സജ്ജീകരണങ്ങളും ഇവരിൽ നിന്ന് കണ്ടെത്തിയെന്നാണ് വെളിപ്പെടുത്തൽ.
ഉത്തർപ്രദേശിൽ നടക്കുന്നത് ഇസ്ലാമിക വേട്ടയാണ് എന്ന നിലയിൽ പ്രചരണം ശക്തമാണ്. ദളിതുകളെ സവർണർ ആക്രമിക്കുമ്പോൾ ഇസ്ലാമിക് സംഘടനകളുടെ നേതാക്കളെയും മുസ്ലീങ്ങളെയും ഭരണകൂടം തന്നെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണ് എന്നാണ് മുസ്ലിം സംഘടനകളും ആക്ടിവിസ്റ്റുകളും ചൂണ്ടിക്കാട്ടുന്നത്. മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പന്റെ അറസ്റ്റ് തന്നെ ഇതിന് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു.
ഹാഥ്റസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോവുന്നതിനിടെയാണ് ഉത്തർപ്രദേശ് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ഇയാൾക്കെതിരെ യുഎപിഎ ചുമത്തി. യുഎപിഎക്ക് പുറമെ ദേശദ്രോഹ കുറ്റവും മാധ്യമപ്രവർത്തകനെതിരെ ചുമത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകനെതിരെ ഈ വകുപ്പ് ചുമത്തിയത്.
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന്റെ സെക്രട്ടറി കൂടിയാണ് സിദ്ദിഖ്. സിദ്ദിഖ്നൊപ്പം മറ്റ് മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുരുന്നു. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളായ അതിക്-ഉർ-റഹ്മാൻ, മസൂദ് അഹമ്മദ് എന്നിവരെയാണ് സിദ്ദീഖിനൊപ്പം കസ്റ്റഡിയിലെടുത്തത്. വാർത്താ ശേഖരണത്തിന്റെ ഭാഗമായാണ് സിദ്ദിഖ് ഹാഥ്റസ് സന്ദർശിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
പൗരത്വ നിമയ ഭേദഗതിക്കെതിരെ മാസം നടന്ന പ്രതിഷേധത്തിനിടെ സംസ്ഥാനത്തൊട്ടാകെ കലാപം നടത്തിയെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 25 അംഗങ്ങളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യെ നിരോധിക്കണമെന്നാണ് ഉത്തർപ്രദേശ് പൊലീസ് ആവശ്യപ്പെട്ടിരുന്നു. 2001ൽ നിരോധിക്കപ്പെട്ട സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുമായി ബന്ധമുണ്ടെന്ന ആരോപണം പിഎഫ്ഐ നേരിടുന്നുണ്ട്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഏർപ്പെടുന്നുവെന്ന് ആരോപിക്കപ്പെടുന്ന മറ്റു മൂന്ന് റിപ്പോർട്ടുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
2010ലാണ് ഇന്റലിജൻസ് ബ്യൂറോ ആദ്യമായി പിഎഫ്ഐക്കെതിരെ റിപ്പോർട്ട് നൽകുന്നത്. 'നിരോധിത സംഘടനയായ സിമിയുമായി സഹകരിക്കുന്ന ഇസ്ലാമിക സംഘടനകളുടെ ഒരു കൂട്ടായ്മ' ആണ് പിഎഫ്ഐ എന്നാണ് റിപ്പോർട്ടിലെ പരാമർശം. കേരളം മുതൽ രാജസ്ഥാൻ വരെയും ഗോവ, യുപി, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിലേക്കും പിഎഫ്ഐ വ്യാപിക്കുകയാണെന്ന് അന്നത്തെ ഐബി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. "ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗ്രിക് അധികാർ സുരക്ഷാ സമിതി, മണിപ്പൂരിലെ ലിയോംഗ് സോഷ്യൽ ഫോറം, ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് തുടങ്ങിയ സംഘടനകളെല്ലാം പിഎഫ്ഐയുടെ ശൃംഖലയുടെ ഭാഗമാണ്" -റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ