സലാല: ഒമാനിലെ സലാലയിൽ രണ്ട് എറണാകുളം സ്വദേശികളെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്തെിയതിൽ പൊലീസിന് ഇനിയും ഒരു തുമ്പും കിട്ടിയിട്ടില്ല.

മൂവാറ്റുപുഴ ആട്ടായം മുടവനാശേരിയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് (52), ഉറവക്കുഴി കുറ്റമറ്റത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ നജീബ് (ബേബി-49) എന്നിവരാണ് മരിച്ചത്. തുംറൈത്തിൽ ക്രഷർ യൂനിറ്റ് തുടങ്ങുന്നതിന്റെ ഭാഗമായി സന്ദർശക വിസയിലാണ് ഇരുവരും സലാലയിൽ എത്തിയത്. സലാലയിലുള്ള മൂവാറ്റുപുഴ സ്വദേശിയുമായി ചേർന്ന് ക്രഷർ യൂനിറ്റ് ആരംഭിക്കാനുള്ള ജോലികൾ ഒരു വർഷത്തോളമായി നടന്നുവരുകയായിരുന്നു. ഇതിനിടെയാണ് മരണമെത്തുന്നത്.

ബിസിനസ്സുമായി ബന്ധപ്പെട്ട വിഷയമാകും കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് കേസിന് തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. ദാരീസിലെ സ്വദേശി വീടിന്റെ താഴെനിലയിലായിരുന്നു താമസം. മുറിക്കുപുറത്ത് ഞായറാഴ്ച രാവിലെയാണ് ആദ്യം മുഹമ്മദിന്റെ മൃതദേഹം കണ്ടത്. റോഡിലൂടെ പോയ ആൾ വിവരമറിയിച്ചതിനെ തുടർന്നത്തെിയ പൊലീസ് പൂട്ടിക്കിടന്ന മുറി തുറന്ന് നടത്തിയ പരിശോധനയിൽ നജീബിന്റെ മൃതദേഹവും കണ്ടത്തെി. മോഷണ ശ്രമമൊന്നും പൊലീസ് കണ്ടെത്തിയതുമില്ല. അതുകൊണ്ട് കൂടിയാണ് ബോധപൂർവ്വമായ കൊലയായിരിക്കും ഇതെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്.

കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിന്റെ മുഖത്ത് രക്തം പറ്റിയിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മുറിക്കകത്തും രക്തമുണ്ടായിരുന്നു. സലാലയിലെ തുംറൈത്തിൽ ക്രഷർ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മരണം. ക്രഷറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയിരുന്നു. 26 ന് മുഹമ്മദ് നാട്ടിലേക്ക് മടങ്ങൂന്നതിനും പദ്ധതിയിട്ടിരുന്നു. ടിക്കറ്റ് ശരിയായിട്ടുള്ള വിവരം ശനിയാഴ്ച രാത്രി ഭാര്യയെ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് മണിക്കൂറുകൾ പിന്നിട്ടപ്പോൾ മരണവിവരമാണ് എത്തുന്നത്.

റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂവാറ്റുപുഴ ഈറക്കൽ കുടുംബാംഗം സൽമയാണ് മുഹമ്മദിന്റെ ഭാര്യ. മക്കൾ: ലുഖ്മാൻ, മുഹ്‌സിന, അദ്‌നാൻ. നജീബിന്റെ ഭാര്യ ഹസൻ ബീഗം (മോളി). മക്കൾ: അമീൻ മുഹമ്മദ്, അൽക്ക ഫാത്തിമ, അലീന മീര. ഇരുവരുടെയും മൃതദേഹങ്ങൾ തുടർനടപടികൾക്കായി സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.