ഉത്തർപ്രദേശ് : ഇന്ത്യയിൽ കോവിഡ് രണ്ടാംതരംഗം രൂക്ഷമാകുമ്പോൾ മൃഗങ്ങൾക്കും വൈറസിൽ നിന്ന് രക്ഷയില്ല. കഴിഞ്ഞ ആഴ്‌ച്ച ഹൈദ്രാബാദിലെ സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇറ്റാവയിലെ സഫാരി പാർക്കിലെ രണ്ട് സിംഹങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. മൂന്നും ഒൻപതും വയസ് പ്രായമുള്ള പെൺസിംഹങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങളാണ് ഇത്.

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നെഹ്‌റു സുവേളജിക്കൽ പാർക്കിൽ പാർപ്പിച്ചിരുന്ന എട്ട് സിംഹങ്ങൾക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇറ്റാവയിലെ സഫാരി പാർക്കിൽ നിന്ന് 14 സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലെ രണ്ട് പരിശോധനാ ഫലങ്ങൾ പോസിറ്റിവാകുകയായിരുന്നു.

പാർക്കിലെ ജീവനക്കാരിൽ നിന്നോ പരിപാലകരിൽ നിന്നോ ആകാം സിംഹങ്ങൾക്ക് കോവിഡ് ബാധയുണ്ടായതെന്നാണ് കരുതുന്നതെന്ന് ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ ഡോ. കെപി സിങ് പറയുന്നു. കോവിഡിനെ തുടർന്ന് പാർക്ക് ഇപ്പോൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാറില്ല. രോഗബാധിതരായ സിംഹങ്ങളെ ഐസൊലേഷനിലേക്ക് മാറ്റാൻ പാർക്ക് അധികൃതർക്ക് നിർദ്ദേശം നൽകിയതായും ഡോ. കെപി സിങ് പറഞ്ഞു.

നേരത്തേ, ഹൈദരാബാദിലെ സിംഹങ്ങൾക്കും കോവിഡ് ബാധിച്ചിരുന്നു. മൃഗശാലയിലെ എട്ട് സിംഹങ്ങൾക്കാണ് കോവിഡ് ബാധിച്ചത്. ഇന്ത്യയിൽ ഇതാദ്യമായി മൃഗങ്ങളിൽ കോവിഡ്19 കണ്ടെത്തുന്നത് ഹൈദരാബാദിലായിരുന്നു. സിംഹങ്ങളുടെ ഉമിനീർ പരിശോധിച്ച സെന്റർ ഫോർ സെലുലർ ആൻഡ് മോളിക്യുലർ ബയോളജിയിലെ രാകേഷ് മിശ്ര വ്യക്തമാക്കിയിരുന്നു. മൃഗശാലയിലെ ജീവനക്കാരിൽ നിന്നാകാം മൃഗങ്ങൾക്ക് രോഗമുണ്ടായതെന്നാണ് കരുതുന്നത്. കോവിഡ് ബാധിച്ച മൃഗങ്ങൾ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് മൃഗങ്ങൾക്ക് കോവിഡ് ബാധയുണ്ടാകുന്നതിനെ കുറിച്ച് ആദ്യം റിപ്പോർട്ട് വരുന്നത്. ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ നാല് വയസ്സുള്ള നദിയ എന്ന കടുവയുൾപ്പെടെ ആറ് മൃഗങ്ങൾക്കായിരുന്നു കോവിഡ് ബാധിച്ചത്. മൃഗശാലയിലെ രോഗലക്ഷണങ്ങൾ ഇല്ലാത്ത ജീവനക്കാരനിൽ നിന്നാണ് അന്ന് മൃഗങ്ങൾക്ക് വൈറസ് ബാധയുണ്ടായത്.

മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗവ്യാപനമുണ്ടാകുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാൽ മനുഷ്യരിൽ വൈറസ് പടരുന്നതിൽ മൃഗങ്ങൾക്ക് കാര്യമായ പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകളില്ല. അടുത്ത ബന്ധം പുലർത്തുന്ന മനുഷ്യരിലൂടെ വൈറസ് മൃഗങ്ങളിലേക്ക് പകരുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യ സ്ഥാപനമായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത് പ്രകാരം പൂച്ചകൾ, നായ്ക്കൾ, നീർനായ, സിംഹങ്ങൾ തുടങ്ങി നിരവധി മൃഗങ്ങൾ കൊറോണ വൈറസ് ബാധിതരാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മൃഗങ്ങളിൽ കോവിഡ് -19 പടരുന്നതിനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.