കൊച്ചി: നോർത്ത് ഈസ്റ്റ് താരം ജെയിംസ് കീനിന് രണ്ടു കളികളിൽ ഐഎസ്എൽ വിലക്ക് ഏർപ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്‌സ് താരം മൈക്കൽ ചോപ്രയെ തള്ളിയിട്ടതിനാണ് കീനിനെതിരായ നടപടിയുണ്ടായത്.

കഴിഞ്ഞ ദിവസം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു കീനിന്റെ കൈയേറ്റം നടന്നത്. മൈക്കൽ ചോപ്ര പിന്നിൽ നിന്ന് കീനിനെ ഫൗൾ ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. കൈയാങ്കളിയെ തുടർന്ന് ചോപ്രയ്ക്ക് മഞ്ഞകാർഡും കീനിന് മാച്ചിങ് ഓർഡറും ലഭിച്ചിരുന്നു. കീനിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് വിലയിരുത്തിയാണ് വിലക്ക് ഏർപ്പെടുത്തിയത്.

കൊച്ചിയിലെ കളിയിലെ 75ാം മിനിറ്റിൽ മൈക്കൽ ചോപ്രക്കെതിരേ കയ്യാങ്കളിക്ക് മുതിർന്ന നോർത്ത് ഈസ്റ്റ് സ്‌ട്രൈക്കർ ജെയിംസ് കീനിന് റഫറി ചുവപ്പുകാർഡ് നൽകിയിരുന്നു. ഇരുവരും തമ്മിൽ പന്തിന് വേണ്ടി പൊരുതുന്നതിനിടെ രണ്ടുപേരും നിലത്ത് വീണു. എന്നാൽ പിന്നീട് എഴുന്നേറ്റുവന്ന ജെയിംസ് കീൻ മൈക്കൽ ചോപ്രയുടെ മുഖത്ത് അടിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. തുടർന്നാണ് റഫറി ചുവപ്പുകാർഡ് പുറത്തെടുത്തത്. ഈ വഴക്കിന് കാരണക്കാരനായ ചോപ്രക്ക് മഞ്ഞകാർഡും റഫറി നൽകി.

ഇംഗ്ലണ്ടിന്റെ പ്രമുഖ താരമാണ് ജെയിംസ് കീൻ. 2005ൽ ഇംഗ്‌ളീഷ് പ്രീമിയർ ലീഗിൽ പ്രശസ്ത കോച്ച് ഹാരി റെഡ്‌നാപ്പിന് കീഴിൽ അരങ്ങേറ്റം കുറിച്ച കീൻ പോർട്‌സ് മൗത്ത് എഫ്.സിയുടെ യൂത്ത് ടീമിലൂടെയാണ് വളർന്നുവന്നത്. 2007-2013 വർഷങ്ങളിൽ സ്വീഡിഷ് ലീഗിലേക്ക് ചേക്കേറിയ കീൻ അവിടെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.