ഡബ്ലിൻ: ഡബ്ലിനിൽ ഇന്നലെ നടന്ന രണ്ടു വ്യത്യസ്ത വെടിവയ്പിൽ രണ്ടു യുവാക്കൾ കൊല്ലപ്പെട്ടു. ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിലെ സമ്മർഹിൽ പരേഡിലുള്ള സൺസെറ്റ് ഹൗസ് പബ്ബിലാണ് ആദ്യത്തെ വെടിവയ്പ് നടന്നത്. രാത്രി 9.30 ഓടെയാണ് ആദ്യത്തെ വെടിവയ്‌പ്പ് നടതന്നത്. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം ഡബ്ലിൻ ക്ലോൺഡാൽക്കിൽ നടന്ന മറ്റൊരു വെടിവയ്‌പ്പിൽ മറ്റൊരു യുവാവ് കൂടി കൊല്ലപ്പെട്ടു.

രണ്ടു സംഭവങ്ങളും സംഘങ്ങൾ തമ്മിലുള്ള കുടിപ്പക മൂലമാണെന്നാണ് വിലയിരുത്തുന്നത്. ആദ്യത്തെ കൊലപാതകം നടന്ന സമയത്ത് പബ്ബിലേക്ക് രണ്ടു പേർ കയറിപ്പോയതായി ഗാർഡ പറയുന്നു. കൊല്ലപ്പെട്ട മുപ്പത് വയസു തോന്നിക്കുന്ന ആൾക്കു നേരെ ഇതിലൊരാൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അടുത്ത കാലത്ത് സംഘങ്ങൾ തമ്മിൽ കുടിപ്പക സംഘട്ടനങ്ങൾ ഏറിവരുന്നതായി ഗാർഡ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ മുതൽ ഇതുവരെ ഇത്തരത്തിലുള്ള സംഘട്ടനങ്ങളിലും വെടിവയ്പിലും അഞ്ചു പേരുടെ ജീവൻ പൊലിഞ്ഞതായാണ് ഗാർഡ കണക്ക്.