ന്യൂഡൽഹി: ആംആദ്മി എംഎൽഎമാർക്കെതിരെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസിന്റെ നടപടികൾ തുടരുന്നു. ഏറ്റവുമൊടുവിൽ രണ്ട് എംഎൽഎമാരെക്കൂടി കേസുകൾ ചുമത്തി അറസ്റ്റുചെയ്തതോടെ ഇതുവരെ വിവിധ കുറ്റങ്ങൾ ചുമത്തപ്പെട്ട് അകത്താവുന്ന എംഎൽഎമാരുടെ എണ്ണം പതിനൊന്നായി. സ്ത്രീയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അമാനത്തുള്ള ഖാനും ഖുറാനെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി നരേഷ് യാദവുമാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് ആംആദ്മിയെ തകർക്കാനും താറടിച്ചുകാട്ടാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഇല്ലാത്ത സംഭവങ്ങളുടെ പേരിൽ കള്ളക്കേസെടുത്ത് ആംആദ്മിയെ തോൽപിക്കാൻ ശ്രമിക്കുകയാണെന്നും അരവിന്ദ് കെജ്രിവാളുമായി അടുത്ത വൃത്തങ്ങൾ ആരോപിച്ചു. പുതിയ സംഭവങ്ങളോടെ സമാനമായ കേസുകളിൽപ്പെട്ട അകത്താവുന്ന ആപ് എംഎൽഎമാരുടെ എണ്ണം പതിനൊന്നായി.

സംസ്ഥാന പൊലീസിന്റെ നിയന്ത്രണം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമായ സംസ്ഥാനമാണ് ഡൽഹിയെന്നതിനാൽ കെജ്രിവാളിനെ തകർക്കാൻ പൊലീസിനെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതായി നേരത്തേ മുതലേ ആരോപണങ്ങൾ ശക്തമാണ്. മുതിർന്ന ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലും കേന്ദ്രസർക്കാരിനാണ് അധികാരമെന്നതിനാൽ സംസ്ഥാന ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലംമാറ്റുന്നതും കെ്ജ്രിവാളിന്റെ വിശ്വസ്തരെ വിവിധ ആരോപണങ്ങളുന്നയിച്ച് നടപടിക്ക് വിധേയരാക്കുകയും ചെയ്യുന്നതായും ആരോപണങ്ങൾ സജീവമാണ്.

പവർകട്ടിനെക്കുറിച്ച് പരാതി പറയാൻ എംഎ‍ൽഎ.യുടെ വീട്ടിൽപോയി മടങ്ങുന്ന വഴിക്ക് തന്റെ മേൽ വാഹനംകയറ്റാൻ ശ്രമം നടന്നെന്നാണ് ജസോലയിൽ താമസിക്കുന്ന സ്ത്രീ പരാതിപ്പെട്ടതായി പറഞ്ഞായിരുന്നു എ.എ.പി.യുടെ എംഎ‍ൽഎ. അമാനുത്തള്ളഖാനെ പൊലീസ് അറസ്റ്റുചെയ്തത്. തെറ്റായി മൊഴിനൽകാൻ പരാതിക്കാരിയെ പൊലീസ് നിർബന്ധിക്കുന്നതായി ഖാൻ പത്രസമ്മേളനത്തിൽ ആരോപിച്ചതിന്റെ പിറ്റേന്നാണ് അറസ്റ്റ്. അതേസമയം, ആ വാഹനത്തിനകത്ത് എംഎ‍ൽഎ. അമാനത്തുള്ള ഖാൻ ഉണ്ടായിരുന്നെന്നും ഈമാസം 22ന് പരാതിക്കാരി മജിസ്‌ട്രേട്ടിന് മുമ്പാകെ മൊഴി നൽകിയിട്ടുണ്ടെന്ന് ജോയന്റ് കമ്മിഷണർ (സൗത്ത് ഈസ്റ്റ് റേഞ്ച്) ആർ.പി. ഉപാധ്യായ പറഞ്ഞു. വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടിയെടുക്കുന്നത് മനസ്സിലാക്കാം. എന്നാൽ വാഹനത്തിലിരുന്നയാൾ എങ്ങനെയാണ് പ്രതിയാകുകയെന്നും ആംആദ്മി ചോദിക്കുന്നു.

പരാതിക്കാരി വീട്ടിൽവന്നതുപോലും അറിയില്ലെന്നാണ് എംഎ‍ൽഎ. പറയുന്നത്. ജൂലായ് പത്തിന് എംഎ‍ൽഎ.യെ ഫോണിൽ വിളിച്ചശേഷമാണ് പിന്നീട് വീട്ടിലേക്ക് പോയതെന്നാണ് പരാതിക്കാരി പറയുന്നത്. വീട്ടിൽ എംഎ‍ൽഎ.യെ കണ്ടില്ല. എന്നാൽ മടങ്ങുംവഴി മറ്റൊരു യുവാവ് ഭീഷണിപ്പെടുത്തി. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. ഈമാസം 19നാണ് സ്ത്രീ പൊലീസിൽ പരാതി നൽകിയത്. ഇതിൽ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. പരാതിക്കാരി മജിസ്‌ട്രേട്ടിന് മൊഴി നൽകിയതിനെ തുടർന്നാണ് കൊലപാതകശ്രമത്തിനുകൂടി കേസ് ഫയൽ ചെയ്തത്. ജാമ്യമില്ലാ വകുപ്പാണിത്. അജ്ഞാതരിൽനിന്ന് ഭീഷണി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് പരാതികൾ ശനിയാഴ്ചയും സ്ത്രീ നൽകിയിരുന്നു. ഇതേത്തുടർന്ന് അവർക്ക് സുരക്ഷ ഏർപ്പെടുത്തി.

ഖാന്റെ അറസ്റ്റിനുപിന്നാലെ എ.എ.പി.യുടെ ഒരു എംഎ‍ൽഎ.യെക്കൂടി മോദി അറസ്റ്റ് ചെയ്‌തെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.കള്ളക്കേസിൽ കുടുക്കി ദളിതരെയും പത്തീദാർ സമുദായക്കാരെയും ഗുജറാത്തിൽ ആനന്ദിബെൻ ജയിലിലടയ്ക്കുകയാണ്. ഡൽഹിയും ഗുജറാത്തും ഇനി പരസ്?പരം പോരാടേണ്ടിവരുമെന്നും കെജ്രിവാൾ പറഞ്ഞു.പരാതിക്കാരിയുടെ ആരോപണം എ.എ.പി. തള്ളി. എഫ്.ഐ.ആറിൽ കൊലപാതക, ബലാത്സംഗ വകുപ്പുകൾകൂടി ചേർക്കാൻ പൊലീസ് തന്നെ നിർബന്ധിക്കുന്നതായി പരാതിക്കാരി പറയുന്നതായ വീഡിയോയും എ.എ.പി. കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഈ സംഭവത്തിൽ ജാമിയ നഗർ എസ്.എച്ച്.ഒ. (സ്റ്റേഷൻ ഹൗസ് ഓഫീസർ)യ്‌ക്കെതിരെ ഖാൻ ഡി.സി.പി.ക്ക് പരാതി നൽകിയിരുന്നു.

പഞ്ചാബിൽ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ബിജെപി തുടരുന്നതിനിടെയാണ് ആപ്് എംഎൽഎ നരേഷ് യാദവിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. ഡൽഹിയിലേക്ക് പ്രത്യേക പൊലീസ് സംഘത്തെ അയച്ചായിരുന്നു അറസ്റ്റ്. ഡൽഹി പൊലീസിന്റെ സഹയാത്തോടെയാണ് എംഎൽഎയെ അറസ്റ്റുചെയ്തത്. ഖുറാനെ അവഹേളിച്ചുവെന്ന കുറ്റംചുമത്തിയായിരുന്നു നരേഷിനെതിരെ നടപടി. ബിജെപിയും അകാലിദളും ചെർന്ന് സംയുക്തമായി ഭരണം നടത്തുന്ന പഞ്ചാബിൽ അടുത്തുവരുന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി വൻ മു്‌ന്നേറ്റം നടത്തി അധികാരം പിടിച്ചെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഈ സാഹചര്യത്തിലാണ് പഞ്ചാബിലെ വിഷയത്തിലും ആംആദ്മിക്കെതിരെ നടപടി ബിജെപി തുടരുന്നതെന്നാണ് ആക്ഷേപം. മുമ്പ് സിഖുമതത്തെ അപമാനിച്ചുവെന്ന് ബിജെപിയും അകാലിദളും പ്രചരണം നടത്തിയതോടെ സുവർണക്ഷേത്രത്തിലെത്തി പാത്രങ്ങൾ കഴുകി തങ്ങൾ സിഖുകാർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചാണ് കെജ്രിവാൾ അതിനെ മറികടന്നത്. കഴിഞ്ഞമാസം 25ന് പഞ്ചാബിൽവച്ച് നരേഷ് യാദവ് ഖുറാനെ അപമാനിച്ചുവെന്നാണ് കേസ്. മലേർ കോട്‌ലയിൽവച്ച് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആൾ നരേഷ് യാദവിനും ഇതിൽ പങ്കുണ്ടെന്ന് പറയുകയായിരുന്നുവെന്നാണ് പൊലീസ് നിലപാട്.

ഡൽഹിയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ പഞ്ചാബ് തിരഞ്ഞെടുപ്പിൽ ആപിന് ജയിക്കാനായി വർഗീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള പരിപാടികൾ വിശദീകരിക്കുകയും നരേഷ് യാദവ് ഇതിനായി ഖുറാന്റെ താളുകൾ കീറി ഓടയിലെറിയണമെന്ന് തന്നോട് പറഞ്ഞതായും അറസ്റ്റിലായ മുഖ്യപ്രതി വിജയകുമാർ മെഹ്‌റോളി മൊഴി നൽകി എന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. ഇതിന് എംഎൽഎ ഒരു കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തത്രെ. എന്നാൽ ഇത് നട്ടാൽകുരുക്കാത്ത നുണയാണെന്ന് ആർക്കും വ്യക്തമാകുമെന്ന് ആംആദ്മി പറയുന്നു. പഞ്ചാബിൽ ആംആദ്മിക്ക് ജയിക്കാൻ ഇത്തരമൊരു മതാധിക്ഷേപത്തിന്റെ കാര്യമില്ലെന്ന് ആർക്കുമറിയാം. തോൽവി ഉറപ്പിച്ച ബിജെപിയും അകാലിദളും ്അതിൽ വിറളിപൂണ്ട് ആപിനെതിരെ പ്രശ്‌നങ്ങളുണ്ടാക്കാൻ നടക്കുകയാണെന്ന് ആംആദ്മി പറയുന്നു.