ഇംഗ്ലണ്ട്: യൂറോപ്പിൽ സിറോ മലബാർ സഭയ്ക്ക് ആദ്യമായി രണ്ടു വ്യക്തിഗത ഇടവകകൾ അനുവദിച്ചു. ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അഭ്യർത്ഥന മാനിച്ച് ലങ്കാസ്റ്റർ രൂപതാ ബിഷപ് മൈക്കിൾ കാംബെൽ ഇടവകകൾ അനുവദിച്ചുകൊണ്ടുള്ള ഡിക്രി പുറത്തിറക്കി. വിശുദ്ധ അൽഫോൻസ, വിശുദ്ധരായ ചാവറ കുര്യാക്കോസ്, ഏവുപ്രാസ്യ എന്നിങ്ങനെയാണ് പുതിയ ഇടവകകളുടെ പേരുകൾ. ഫാ. മാത്യു ജേക്കബ് ചൂരപൊയ്കയിലാണ് പുതിയ ഇടവകകളുടെ വികാരി.

പ്രസ്റ്റൺ കേന്ദ്രീകരിച്ചുള്ള സിറോ മലബാർ സഭാ വിശ്വാസികൾക്കായി രൂപീകരിച്ച വിശുദ്ധ അലഫോൻസ ഇടവക സെന്റ് ഇഗ്‌നേഷ്യസ് പള്ളി പ്രാർത്ഥനാ ആവശ്യങ്ങൾക്കായി പ്രത്യേകമായി ഉപയോഗിക്കും. ലങ്കാസ്റ്റർ രൂപതയിലെ മറ്റു സിറോ മലബാർ വിശ്വാസികൾക്കു വേണ്ടിയാണ് വിശുദ്ധരായ ചാവറ കുര്യാക്കോസ്, ഏവുപ്രാസ്യ ഇടവക രൂപീകരിച്ചത്. രൂപതയിലെ മറ്റു പള്ളികൾ ഇവരുടെ പ്രാർത്ഥനാവശ്യങ്ങൾക്കായി ഉപയോഗിക്കും.

പുതിയ ഇടവകകൾ അനുവദിച്ചതിൽ അതിയായ സന്തോഷവും കൃതജ്ഞതയുമുണ്ടെന്ന് വികാരി ഫാ. മാത്യു ജേക്കബ് പറഞ്ഞു. ലങ്കാസ്റ്റർ രൂപതാധ്യക്ഷന്റെ തീരുമാനം സിറോ മലബാർ സഭയ്ക്ക് ലഭിച്ച അംഗീകാരമാണ്- അദ്ദേഹം പറഞ്ഞു. പുതിയ ഇടവകകളുടെ രൂപീകരണത്തോടെ ഇവിടുത്തെ സിറോ മലബാർ വിശ്വാസികൾക്ക് ശകക്കതമായ ഐക്യബോധം പകരും. സാമൂഹിക സാംസ്‌കാരിക മേഖലകൾ വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സിറോ മലബാർ സഭയുടെ ചരിരതപരമായ വളർച്ചയ്ക്കും ഇത് കാരണമാകും- ഫാ. മാത്യു ജേക്കബ് പറഞ്ഞു. ലങ്കാസ്റ്റർ ബിഷപ് മൈക്കിൾ കാംബെൽ, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി എന്നിവർ ചേർന്ന് പ്രസ്റ്റണിലെ സെന്റ് ഇഗ്‌നേഷ്യസ് ദേവാലയത്തിൽ പുതിയ ഇടവകകളുടെ ഉദ്ഘാടനവും ദിവ്യബലിയും നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറോ മലബാർ കോർഡിനേറ്റർ പെരിയ ബഹുമാനപ്പെട്ട തോമസ് പാറയടിയിൽ അറിയിച്ചു.