തൃശൂർ: ഭർത്താവിന്റെ മർദനത്തിൽ നിന്നും ഭാര്യയെ രക്ഷിക്കാൻ എത്തിയ പൊലീസ് രക്ഷിച്ചത് ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഭർത്താവിന്റെ ജീവൻ. തൃശൂർ മെഡിക്കൽ കോളജ് പരിസരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം.

എസ്‌ഐ. ബാബുവിനും സിവിൽ പൊലീസ് ഓഫീസറായ കെ.കെ. ഗിരീഷിനും 11 മണിയോടെയാണ് കൺട്രോൾ റൂമിൽനിന്ന് ആ സന്ദേശം ലഭിക്കുന്നത്. തൃശ്ശൂർ കുളങ്ങാട്ടുകരയിൽ ഭർത്താവ് മദ്യപിച്ചെത്തി മർദിക്കുന്നതായി ഒരു യുവതി 112-ൽ വിളിച്ച് പരാതിപ്പെട്ടിരിക്കുന്നു.

'അയാൾ വെട്ടുകത്തി കൈയിൽ പിടിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. വേഗം വന്ന് ഞങ്ങളെ രക്ഷിക്കണം' ഇതായിരുന്നു സന്ദേശം. ഉടൻതന്നെ എസ്‌ഐ.യും സി.പി.ഒ.യും അവിടേക്ക് കുതിച്ചു.

അവിടെയെത്തിയപ്പോൾ കണ്ടത് വീടിന് മുന്നിൽ കുട്ടികളുമായി നിൽക്കുന്ന യുവതിയെയും മുറിക്കകത്ത് കയറി കഴുത്തിൽ കുരുക്കിടാൻ നിൽക്കുന്ന ഭർത്താവിനെയും. മിനിറ്റുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എസ്‌ഐ.യും പൊലീസുകാരനും അയാളെ രക്ഷപ്പെടുത്തുകയും കൃത്യമായ ചികിത്സ ഉറപ്പുവരുത്തുകയുമായിരുന്നു.

പൊലീസുകാർ സംഭവസ്ഥലത്ത് എത്തിയപ്പോൾ ഒരു യുവതിയും രണ്ട് കുട്ടികളും വീടിന് മുന്നിൽനിൽക്കുന്നതാണ് കണ്ടത്. തനിക്ക് ഇവിടെ ജീവിക്കാൻ പറ്റില്ലെന്നും സ്വന്തം വീട്ടിൽ പോകണമെന്നുമാണ് യുവതി ആദ്യം പൊലീസുകാരോട് ആവശ്യപ്പെട്ടത്. മദ്യപിച്ചെത്തി ഭർത്താവ് മർദിച്ചെന്നും പൊലീസ് വന്നാൽ തന്നെ കൊന്ന് ജീവനൊടുക്കുമെന്ന് പറഞ്ഞ് അദ്ദേഹം മുറിയിൽ കയറി വാതിലടച്ചിരിക്കുകയാണെന്നും യുവതി പറഞ്ഞു. ഇതുകേട്ടതോടെ പൊലീസുകാർ വീടിനുള്ളിലേക്ക് കടന്നു.

വാതിൽ പൂട്ടി മുറിക്കകത്തിരിക്കുകയായിരുന്ന യുവാവിനോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. ഇതിനിടെ, ഗിരീഷ് വീടിന് പുറത്തിറങ്ങി ജനലിന് സമീപത്തെത്തി മുറിയിലേക്ക് നോക്കി. അപ്പോഴാണ് യുവാവ് കഴുത്തിൽ കുരുക്കിടാൻ നിൽക്കുന്ന കാഴ്ച കണ്ടത്. സാറേ, ആള് മരിക്കാൻ നിൽക്കുകയാണെന്ന് പറഞ്ഞ് ഗിരീഷ് ഉടൻതന്നെ വീട്ടിനുള്ളിലേക്ക് തിരികെയെത്തി. തുടർന്ന് എസ്‌ഐ. ബാബുവും ഗിരീഷും പലതവണ ആഞ്ഞ് ചവിട്ടി വാതിൽ പൊളിക്കുകയായിരുന്നു.

വാതിൽ പൊളിച്ച് അകത്തുകടന്നതോടെ ഹുക്കിൽ കെട്ടിയ കയറിന്റെ കുരുക്ക് മുറുകി കണ്ണ് പുറത്തേക്ക് തള്ളി ശ്വാസംകിട്ടാതെ പിടയുന്ന യുവാവിനെയാണ് കണ്ടത്. ഉടൻതന്നെ പൊലീസുകാർ യുവാവിനെ മുകളിലേക്ക് പൊക്കി കുരുക്കഴിച്ച് നിലത്തിറക്കി. തുടർന്ന് പൊലീസ് ജീപ്പിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. കുരുക്ക് അധികം മുറുകാത്തതിനാൽ യുവാവിന് വലിയ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അല്പം കൂടി വൈകിയിരുന്നെങ്കിൽ കാര്യം കൈവിട്ട് പോയേനെ എന്നുമാണ് ഡോക്ടർമാർ പൊലീസുകാരോട് പറഞ്ഞത്. യുവാവിന് പിന്നീട് സ്‌കാനിങ് പരിശോധനകളടക്കം നടത്തി.

' ആ സമയത്ത് വാതിൽ ചവിട്ടിപ്പൊളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി, ഒരുമിനിറ്റ് കൂടെ വൈകിയിരുന്നെങ്കിൽ ഒരുപക്ഷേ, അയാളുടെ ജീവൻ നഷ്ടമായേനെ'- തൃശ്ശൂർ മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ പി.പി. ബാബുവിന്റെ വാക്കുകളിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസം.

ദിവസങ്ങൾക്ക് മുമ്പും യുവാവ് മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിച്ചിരുന്നതായി എസ്‌ഐ ബാബു പറഞ്ഞു. മദ്യപിച്ചെത്തിയാൽ ഭാര്യയെ ഉപദ്രവിക്കുന്നതും അവരുടെ വസ്ത്രങ്ങൾ വലിച്ച് പുറത്തിടുന്നതും പതിവായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇതുപോലെ ഉപദ്രവിച്ചപ്പോൾ പൊലീസിനെ വിളിക്കുമെന്ന് യുവതി പറഞ്ഞു. പൊലീസ് വന്നാൽ 'നിന്നെയും കൊന്ന് താൻ മരിക്കുമെന്നായിരുന്നു വെട്ടുകത്തി കൈയിലെടുത്ത് യുവാവ് ഭാര്യയോട് പറഞ്ഞത്. ഇതോടെ ഭാര്യ പൊലീസിൽ പരാതിപ്പെടാൻ മടിച്ചു. എന്നാൽ തിങ്കളാഴ്ച രാത്രി വീണ്ടും ഉപദ്രവം തുടർന്നപ്പോൾ യുവതി ധൈര്യപൂർവം 112-ൽ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു.

എന്തോ ഭാഗ്യം കൊണ്ടാണ് യുവാവിനെ രക്ഷിക്കാനായതെന്നും ഇനി ഇങ്ങനയൊന്നും ചെയ്യാതിരിക്കട്ടെയെന്നുമായിരുന്നു എസ്‌ഐ. ബാബുവിന്റെ പ്രതികരണം. ഭാര്യ പൊലീസിൽ പരാതി അറിയച്ചതിന് പിന്നാലെ തന്നെ യുവാവ് മുറിയിൽ കയറിയിരുന്നു. അല്പം സമയമെടുത്താണ് മേൽക്കൂരയിലെ ഹുക്കിൽ കയർ കുടുക്കിയത്. കട്ടിലിൽ കസേരയിട്ട് കയറിയാണ് കഴുത്തിൽ കുരുക്കിട്ടിരുന്നത്. കൃത്യസമയത്ത് വാതിൽ ചവിട്ടിപ്പൊളിക്കാൻ കഴിഞ്ഞത് വലിയ കാര്യമായെന്നും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നും എസ്‌ഐ. കൂട്ടിച്ചേർത്തു. യുവാവിന് മാനസികപ്രശ്നങ്ങൾക്ക് ചികിത്സ നൽകാൻ ബന്ധുക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.