ബ്രൂക്ക്ഹേവൻ (മിസിസിപ്പി): സെപ്റ്റംബർ 29 ശനിയാഴ്ച ബ്രൂക്ക്ഹേവൻ പൊലീസ് ഓഫിസർമാരും അക്രമിയും തമ്മിൽ ഉണ്ടായ വെടിവയ്‌പ്പിൽ രണ്ടു പൊലീസ് ഓഫിസർമാർ കൊല്ലപ്പെടുകയും അക്രമിക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

ബ്രൂക്ക്ഹേവൻ ഹൈസ്‌കൂളിനു സമീപമുള്ള ഒരു വീട്ടിൽ വെടിഒച്ച കേട്ടതറിഞ്ഞു അന്വേഷിക്കാനെത്തിയതായിരുന്നു ഓഫിസർമാരായ സാക്ക് മോക്കും (31), ജയിംസ് വൈറ്റും (35). വീടിനു മുന്നിലെത്തിയ ഓഫിസർമാർക്ക് നേരെ മാർക്വിസ് ഫ്ലവേഴ്സ് (25) വെടിയുതിർക്കുകയായിരുന്നു. പൊലീസിന്റെ വെടിയേറ്റ് ഫ്ലവേഴ്സിന് പരുക്കേറ്റിരുന്നു. പിന്നീട് ഇയാളെ ജാക്സൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്ഥിതിയെക്കുറിച്ചു പൊലീസ് ഒന്നും വെളിപ്പെടുത്തിയില്ല.

രണ്ടു പൊലീസ് ഓഫിസർമാരും ബുള്ളറ്റ് പ്രൂഫ് വെസ്റ്റും, ബോഡി-ഡാഷ്‌കും ധരിച്ചിരുന്നതായി മിസിസിപ്പി ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി വക്താവ് വാറൻ ബ്രെയ്ൻ പറഞ്ഞു.വെടിവച്ചെന്നു പറയപ്പെടുന്ന ഫ്ലവേഴ്സ് നിരവധി കേസുകളിൽ പ്രതിയാണ്.

ഓഫിസർ മോക്കിനു മൂന്നു വർഷംകൂടി സർവീസുണ്ട്. വൈറ്റ് ഈയ്യിടെയാണു ജോലിയിൽ പ്രവേശിച്ചത്. ഗവർണർ ഫിൽ ബ്രയാന്റ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.