- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി പ്രവർത്തകനെ വെട്ടി കൊലപെടുത്താൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ജില്ലാ നേതാക്കൾ റിമാന്റിൽ; കൂടുതൽ നേതാക്കൾക്ക് സംഭവത്തിൽ ബന്ധമുണ്ടെന്നും സൂചന
കോഴിക്കോട്: എലിയറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ കെ കെ ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ജില്ലാ നേതാക്കളായ രണ്ടു പേർ കൂടി റിമാന്റിൽ. കേസിലെ മുഖ്യആസൂത്രകരും പോപ്പുലർഫ്രണ്ട് ജില്ലാ കമ്മറ്റിയംഗവും സിറ്റി ഡിവിഷൻ സെക്രട്ടറിയുമായ എലത്തൂർ വടക്കരകത്ത് ഹനീഫ (38), എസ്ഡിപിഐയുടെ തൊഴിലാളി സംഘടനാ ജില്ലാ നേതാവും ചെറൂട്ടി റോഡിലെ എസ്ഡിടിയു ചുമട്ടുതൊഴിലാളിയുമായ പുതിയങ്ങാടി ചാലിൽമന്ദം കണ്ടിപറമ്പിൽ ഷബീർ അലി (37) എന്നിവരെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഇരുവരും കോടതിയിൽ കീഴടങ്ങുകയായിരുന്നു.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. കൂടുതൽ നേതാക്കൾക്ക് സംഭവത്തിൽ ബന്ധമുണ്ടെന്നാണ് സൂചന. കേസിലെ മുഖ്യപ്രതികളും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് നേതാക്കളുമായ മായനാട് സ്വദേശി അബ്ദുള്ള, പൂവ്വാട്ടുപറമ്പ് സ്വദേശി അബ്ദുൾ അസീസ് എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. മുഖ്യആസൂത്രകനായ ഹനീഫയെ കൂടാതെ ആസൂത്രണത്തിൽ പങ്കുവഹിച്ച അന്നത്തെ ഡിവിഷൻ സെക്രട്ടറി വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ആനക്കുഴിക്കര കിഴക്കേ മായിങ്ങോട്ട് അൻസാറും ഒളിവിലാണ്. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പലതവണ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും പൊലീസിന്റെ വാദം അംഗീകരിച്ച് വിവിധ കോടതികൾ ജാമ്യം തള്ളുകയായിരുന്നു. 2019 ഒക്ടോബർ 12നാണ് ഷാജിയെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചു കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.