ന്യൂഡൽഹി: ഐടി ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കു വധശിക്ഷ. ഒരാൾക്കു ജീവപര്യന്തവും കോടതി വിധിച്ചു.

ഡൽഹി കോടതിയാണ് രവി കപൂർ, അമിത് ശുക്ല എന്നിവർക്ക് വധശിക്ഷയും ബാൽജീത് മാലിക്കിനു ജീവപര്യന്തം തടവും വിധിച്ചത്.

2009 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. രാത്രി നോയിഡയിൽ നിന്ന് ജോലി കഴിഞ്ഞ് സൗത്ത് ഡൽഹിയിലെ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ജിഗിഷയെ കാണാതാവുകയായിരുന്നു.

ഇവരുടെ മൃതദേഹം പിന്നീട് ഹരിയാനയിലെ സുർജ്കുന്ദിൽ കണ്ടെത്തി. അന്വേഷണത്തിൽ പ്രതികൾ ജിഗിഷയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോവുകയും സ്വർണവും മൊബൈൽ ഫോണും എടിഎം പിൻ നമ്പറും തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുകയുമായിരുന്നു എന്നു തെളിഞ്ഞു.

ജിഗിഷയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതിൽ നിന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പ്രതികളിൽ ഒരാളുടെ കയ്യിലെ പച്ചകുത്തിയ അടയാളം കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞതും ഇവരെ കണ്ടെത്താൻ സഹായകമായി.