ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 500 രൂപയുടെ രണ്ടു തരം നോട്ടുകൾ അച്ചടിച്ചിട്ടുണ്ടെന്നും ഇതിന് പിന്നിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയെന്നും കോൺഗ്രസിന്റെ ആരോപണം. 

രണ്ടു വലിപ്പത്തിലുള്ള നോട്ടുകളുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി ഇതെങ്ങനെ സാധ്യമാകുന്നതെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു. നോട്ടുകളിൽ ഒന്ന് പാർട്ടിക്കും മറ്റൊന്ന് നാട്ടുകാർക്കും വേണ്ടിയാണ് അച്ചടിച്ചതെന്ന് ഗുലാംനബി ആസാദ് ആരോപിച്ചു. നോട്ടുനിരോധനത്തിന്റെ യഥാർഥകാരണം ഇപ്പോഴാണ് വെളിപ്പെട്ടതെന്നും ബിജെപി ഈ വഴിക്കാണ് ഫണ്ട് സ്വരൂപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് ആരോണത്തിനു പിന്നാലെ തൃണമൂൽ, സമാജ് വാദി പാർട്ടി, എന്നിവരോടൊപ്പം ജനതാദൾ (യു) നേതാവ് ശരത് യാദവ് പ്ലക്കാർഡുകളുമായി രംഗത്തെത്തിയതും ശ്രദ്ധേയമായി. ഇക്കാര്യത്തിൽ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് നിരുത്തരവാദപരമായ സമീപനമാണുള്ളതെന്നും അവർ ആരോപിച്ചു.

എന്നാൽ ശൂന്യവേളയുടെ പ്രധാന്യം കളയുന്ന നടപടിയാണിതെന്നായിരുന്നു ധനമന്ത്രി അരുൺജെയ്റ്റ് ലിയുടെ പ്രതികരണം. ഏതെങ്കിലും പേപ്പറുകൾ ഉയർത്തിക്കാണിച്ചാൽ ചർച്ച ചെയ്യാൻ വ്യവസ്ഥയില്ല. കറൻസിയുമായി ബന്ധപ്പെട്ട് നിരുത്തരവാദപരമായ പരാമർശങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നുംജെയ്റ്റ്ലി മറുപടി നൽകി.

അതേസമയം, പാർലമെന്റിൽ പ്രതിപക്ഷം ഉയർത്തിക്കാട്ടിയ നോട്ടിന്റെ ആധികാരികത പരിശോധിക്കുമെന്ന് അരുൺ ജെയ്റ്റ്ലി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അച്ചടിക്കുന്ന സമയത്ത് വലുപ്പത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത പ്രിന്റിങ് പ്രസുകളിൽ അച്ചടിച്ചതുകൊണ്ടാണ് ഇതിന്റെ ഡിസൈനിലും വലുപ്പത്തിലും മാറ്റങ്ങളെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ വാദം.