കോട്ടയം: അമേരിക്കൻ മലയാളികളെ ദുഃഖത്തിലാഴ്‌ത്തിയ മറ്റൊരു ദുരന്ത വാർത്ത കൂടി. യുഎസിലെ ന്യൂജഴ്‌സിയിൽ കാറിയിൽ ട്രെയിലർ ഇടിച്ചുണ്ടായ അപകടത്തിൽ മുത്തശ്ശിയും കൊച്ചുമകളും കൊല്ലപ്പെട്ടു. ദുരന്തവാർത്തയെ കുറിച്ചുള്ള വിവരം നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ വെൺമണി ചേരിയിൽ പടിയറ്റതിൽ തോമസിന്റെ ഭാര്യ മറിയാമ്മ (73), ചെറുമകൾ സോഫിയ (5) എന്നിവരാണ് മരിച്ചത്.

വ്യാഴം വൈകിട്ട് 3.30നായിരുന്നു അപകടം. തോമസായിരുന്നു കാർ ഓടിച്ചിരുന്നത്. മറിയാമ്മയും സോഫിയയും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ തോമസ് മോറിസ് ടൗൺ മെഡിക്കൽ സെന്ററിൽ ചികിൽസയിലാണ്. അപകടത്തെ തുടർന്ന് അഞ്ചു മണിക്കൂറോളം റോഡ് അടച്ചിട്ടു. വെച്ചൂച്ചിറ കിഴക്കേപള്ളിൽ കുടുംബാംഗമാണ് മറിയാമ്മ. സംസ്‌കാരം ചൊവ്വാഴ്ച അമേരിക്കയിൽ. ടിനുവാണു സോഫിയയുടെ മാതാവ്. മറിയാമ്മയുടെ മറ്റു മക്കൾ: മിനി, ജിബി.

അടുത്തിടെ കാലിഫോർണിയയിൽ ട്രക്കിഗിനിടെ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവ മലയാളി ദമ്പതികൾ കാൽവഴുതി കൊക്കയിൽ വീണു മരിച്ചതും അമേരിക്കൻ മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവമായിരുന്നു. തലശേരി കതിരൂർ ഭാവുകത്തിൽ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് അന്ന് മരിച്ചത്ത. യോസാമിറ്റി നാഷനൽ പാർക്കിലെ ട്രെക്കിങ്ങിനിടെയാണ് അപകടമുണ്ടായത്. 3000 അടി ഉയരത്തിൽ നിന്നാണ് ഇരുവരും വീണത്. വിഷ്ണു കലിഫോർണയിലെ സിഡ്കോ സോഫ്റ്റ്‌വെയർ കമ്പനി എൻജിനീയറാണ്. മീനാക്ഷിയും ഐടി കമ്പനി ജീവനക്കാരിയുമായിരുന്നു.

ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് അമേരിക്കയിൽ നിന്നും വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച മറ്റൊരു സംഭവത്തിന്റെ വാർത്ത കൂടി പുറത്തുവന്നത്.