കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് റെസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയതിൽ ഭരണാനുകൂല സർവ്വീസ് സംഘടനയിൽ പ്രതിഷേധം കനക്കുന്നു. വടകര പി ഡബ്യു ഡി റെസ്റ്റ് ഹൗസിൽ ക്യാമറകളുമായി മന്ത്രി നടത്തിയ മിന്നൽ സന്ദർശനത്തെ തുടർന്നാണ് രണ്ട് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയത്. ഇതിന്റെ മുന്നോടിയായി ഇവരെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. റെസ്റ്റ് ഹൗസിൽ 21 വർഷമായി ജോലി ചെയ്യുന്ന പി കെ പ്രകാശൻ, 18 വർഷമായി ജോലി ചെയ്യുന്ന സി എം ബാബു എന്നിവരെയാണ് പിരിച്ചുവിടാൻ മന്ത്രി നിർദ്ദേശിച്ചത്. ഇതിൽ ഒരാൾ സിപിഎം അനുഭാവിയാണ്.

ഇവരെ പിരിച്ചുവിടരുതെന്ന് സി പി എം അനുകൂല സർവ്വീസ് സംഘടന മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല മറുപടി ഉണ്ടായിട്ടില്ല. മന്ത്രി റസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ വേണ്ടിയായിരുന്നു ജീവനക്കാരെ മുൻകൂട്ടി അറിയിക്കാതെ റസ്റ്റ് ഹൗസിലേക്ക് എത്തിയത്. പരിശോധന നടത്തുന്നതിന്റെ ലൈവ് വീഡിയോ മന്ത്രി ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.

റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ ഉടൻ നടപടിയെടുക്കാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. പരിശോധനയിൽ റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും മദ്യക്കുപ്പികളും മാലിന്യക്കൂമ്പാരവും കണ്ടെത്തി. മദ്യക്കുപ്പികൾ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി റസ്റ്റ് ഹൗസ് ജീവനക്കാരോട് ദേഷ്യപ്പെടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ രണ്ട് താത്ക്കാലിക ജീവനക്കാരെ ബലിയാടാക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സി പി എം അനുകൂല എൻ ജി ഒ യൂണിയൻ. അമ്പത് വയസ്സിലേക്ക് കടക്കുന്ന രണ്ട് ജീവനക്കാരും പാവപ്പെട്ട കുടുംബങ്ങളുടെ അത്താണിയാണ്. ഒരു ജീവനക്കാരന്റെ ഭാര്യ വികലാംഗയുമാണ്. ഇവരെയെല്ലാം സ്ഥിരപ്പെടുത്തണമെന്ന നിർദ്ദേശം സർക്കാറിന് മുന്നിലുള്ളപ്പോഴാണ് റിയാസിന്റെ ഇടപെടൽ ഉണ്ടായിട്ടുള്ളത്. ഇവർക്കൊപ്പം ജോലിയിൽ പ്രവേശിച്ച പല ജീവനക്കാരെയും മുൻ യുഡിഎഫ് സർക്കാർ സ്ഥിരപ്പെടുത്തിയിരുന്നു.

റസ്റ്റ് ഹൗസിലെ മുറിയിൽ താമസിക്കാനെത്തുന്നവർ മുറിക്കുള്ളിൽ മദ്യപിച്ചാൽ ജീവനക്കാർക്ക് എന്തു ചെയ്യാൻ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്. ജീവനക്കാരൻ മദ്യം വിളമ്പുകയോ ഡ്യൂട്ടി സമയത്ത് മദ്യപിക്കുകയോ ചെയ്താൽ നടപടിയെടുക്കാം. എന്നാൽ കെട്ടിടത്തിന് പുറത്തെ കുപ്പയിൽ നിന്ന് കാലപ്പഴക്കമുള്ള മദ്യക്കുപ്പി കണ്ടെടുത്ത് അത് ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാനാണ് മന്ത്രി ശ്രമിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കാൻ വേണ്ടി ജീവനക്കാരെ ബലിയാടാക്കരുതെന്നും ആവശ്യം ഉയരുന്നു. റസ്റ്റ് ഹൗസിന്റെ നിയന്ത്രണം താത്ക്കാലിക ജീവനക്കാർക്കല്ല. സർവ്വീസ് സംഘടനയിൽ ഇവർ അംഗത്വമില്ലാത്തവരാണ്. ആരും ചോദിക്കാൻ ഇല്ലെന്നതിന്റെ പേരിൽ ജീവനക്കാരെ വേട്ടയാടുന്നു എന്നാണ് ആക്ഷേപം ശക്തമായത്.

താത്കാലിക ജീവനക്കാരെ പിറ്റേന്നു തന്നെ പിരിച്ചുവിടണമെന്ന് നിർദ്ദേശം നൽകിയാണ് മന്ത്രി വടകര റസ്റ്റ് ഹൗസിൽ നിന്ന് ശനിയാഴ്ച മടങ്ങിയത്. ഒരു നോട്ടീസ് പോലും നൽകാതെയാണ് ഇത്. ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച മന്ത്രി വടകരയിലെത്തിയത് ഡിവൈഎഫ് ഐ മാർച്ചിനിടെ പോസ്റ്റ് ഓഫീസ് തല്ലിത്തകർത്തുവെന്ന കേസിൽ കോടതിയിൽ ഹാജരാകാനായിരുന്നു.