- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾ തങ്ങുന്ന ഹുദൈദയിൽ കനത്ത പോരാട്ടം; ഇന്ത്യൻ കപ്പലുകൾ തുറമുഖത്ത് പ്രവേശിക്കുന്നതിന് സൗദി അനുമതി നിഷേധിച്ചു; കപ്പലെത്തുന്നതും കാത്ത് 500 ഓളം ഇന്ത്യാക്കാർ കാത്തിരിക്കുകയാണ്
സന: മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ തങ്ങുന്ന യെമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ ഹൂതി വിമതരും സഖ്യസേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി. ഇതോടെ കപ്പൽമാർഗ്ഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളും അവതാളത്തിലായി. ഇന്ത്യൻ കപ്പലുകൾ രക്ഷാപ്രവർത്തനത്തിനായി അടുക്കേണ്ടുന്ന ഹുദൈദ തുറമുഖത്ത് പോരാട്ട
സന: മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ തങ്ങുന്ന യെമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ ഹൂതി വിമതരും സഖ്യസേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി. ഇതോടെ കപ്പൽമാർഗ്ഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളും അവതാളത്തിലായി. ഇന്ത്യൻ കപ്പലുകൾ രക്ഷാപ്രവർത്തനത്തിനായി അടുക്കേണ്ടുന്ന ഹുദൈദ തുറമുഖത്ത് പോരാട്ടം രൂക്ഷമായതോടെ നാട്ടിലേക്ക് തിരിക്കാൻ ഇവിടെ എത്തിയിരിക്കുന്നവരും കടുത്ത ആശങ്കയിലാണ്.
യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുടെ രണ്ട് കപ്പലുകൾക്ക് ഹുദൈദ തുറമുഖത്ത് പ്രവേശിക്കുന്നതിനാണ് സൗദിഅറേബ്യ അനുമതി നിഷേധിച്ചത്. ഇന്ത്യയുടെ രണ്ട് കപ്പലുകളും ഇപ്പോൾ ഹുദൈദ തുറമുഖത്തിന് പുറത്ത് നങ്കൂരമിട്ടിരിക്കുകയാണ്. 250 വീതം ആളുകളുമായി കൊച്ചിയിലേക്കും മുംബൈയിലേക്കും പോകേണ്ട കപ്പലുകളാണ് അനുമതി കാത്ത് കിടക്കുന്നത്. 500 ഓളം ഇന്ത്യാക്കാർ കപ്പലിനായി ഹുദൈദ തുറമുഖത്ത് കാത്തിരിക്കുകയാണ്. ഹുദൈദിയിൽ ഹോട്ടലുകളിലും മറ്റുമായി തങ്ങുന്ന പലർക്കും എപ്പോൾ ഇന്ത്യൻ കപ്പൽ എത്തുമെന്നു പോലും അറിയാത്ത സ്ഥിതിയിലാണ്.
കഴിഞ്ഞദിവസം മലയാളികൾ അടക്കം നിരവധി പേരുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ നാട്ടിലേക്ക് തിരിച്ചിരുന്നു. ഈ കപ്പലിൽ ഇന്ത്യയിലേക്ക് അഭയാർത്ഥികളായി 75 യെമൻ സ്വദേശികളും എത്തുന്നുണ്ട്. അതിനിടെ യെമൻ സംഘർഷം അതിർത്തി മേഖലയിലേക്കും ബാധിക്കുന്നുവെന്ന സൂചനയും പുറത്തുവന്നു ദക്ഷിണസഊദിയിലെ നജ്‌റാനിലെ യമൻ അതിർത്തിപ്രദേശത്ത് നിരീക്ഷണത്തിലേർപ്പെട്ട സൈനികർക്കു നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് സൗദി സൈനികർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. ജീസാൻ സ്വദേശി അലി മജ്ഹലി (23), മഹായിലിനടുത്ത ബാരിഖിലെ അഹ്മദ് ഉമർ സഈദ് ശഹ്രി, ജീസാനു സമീപം ബൈശിലെ ഗുറൈഫ് സ്വദേശി ഇബ്രാഹീം ബിൻ റാസിം അൽ ആമിരി എന്നിവരാണ് മരിച്ചത്.
അതിർത്തി പ്രദേശങ്ങളിൽ സൈന്യം ജാഗ്രതയിലാണെന്നും ഇതുവരെയുള്ള ആക്രമണങ്ങളിൽ നിരവധി ഹൂതികൾ വധിക്കപ്പെട്ടതായും പ്രതിരോധമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച അതിർത്തിപ്രദേശങ്ങളിൽ കരസേന ആക്രമണം നടന്നുവരുന്നതിനിടെയാണ് മൂന്നു സൈനികർ വെടിയേറ്റു മരിച്ചതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.
യെമനിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സൈനിക ഇടപെടൽ നിർത്തിവെക്കാനുള്ള ഇറാന്റെ ആവശ്യം സൗദി അറേബ്യ കഴിഞ്ഞദിവസം തള്ളിയിരുന്നു. യെമനിൽ ഇറാൻ ഇടപെടേണ്ടെന്ന് സൗദി വ്യക്തമാക്കുകയുമുണ്ടായി. യെമനിലെ വിമതർക്കുനേരേ തങ്ങൾ നടത്തുന്ന ആക്രമണം നിർത്തിവെക്കാൻ ഇറാന് എങ്ങനെ പറയാനാവുമെന്ന് സൗദി വിദേശകാര്യമന്ത്രി സൗദ് അൽ ഫൈസൽ ചോദിച്ചു. യെമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കാനാണ് തങ്ങൾ യെമനിലെത്തിയത്. ഇറാന് യെമന്റെ ചുമതലയൊന്നുമില്ലല്ലോ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
സൗദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം കുറ്റകൃത്യവും വംശഹത്യയുമാണെന്ന് ഇറാൻ പരമോന്നതനേതാവ് ആയത്തുല്ല അലി ഖമേനി വ്യാഴാഴ്ച കുറ്റപ്പെടുത്തിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കാനും യെമനിലെ വിഭാഗങ്ങൾക്കിടയിൽ ചർച്ച ആരംഭിക്കാനും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയും ആവശ്യപ്പെട്ടിരുന്നു.
അതിനിടെ മധ്യ യെമനിലെ തായിസ് പട്ടണത്തിലെ സൈനിക ക്യാമ്പിനുനേരേ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. ഹൂതി വിമതരുമൊത്ത് പോരാടുന്ന മുൻ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനോട് കൂറുപുലർത്തുന്ന സൈനികർ ഉപയോഗിച്ചിരുന്ന ക്യാമ്പാണ് സഖ്യകക്ഷികൾ ലക്ഷ്യമിട്ടത്. 2012ൽ ഭരണമൊഴിഞ്ഞിട്ടും യെമൻ സൈന്യത്തിലെ വലിയൊരുവിഭാഗം ഇപ്പോഴും അദ്ദേഹത്തോടാണ് കൂറുപുലർത്തുന്നത്.