കങ്ങഗിതാനെ:സോഷ്യൽ മീഡിയയിൽ വൈറലായി രണ്ടാം നിലയിൽ നിന്നും താഴേക്കു വീഴുന്ന കുഞ്ഞിന്റെയും കുട്ടിയെ രക്ഷിക്കാൻ താഴെ പുതപ്പൊരുക്കുന്ന അയൽക്കാരുടെയും വീഡിയോ. ടർക്കിയിലെ കങ്ങഗിതാനെ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂന്നു നിലയുള്ള അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിൽ നിന്നും രണ്ടുവയസ്സായ കുട്ടി താഴേക്കു വീഴുകയായിരുന്നു. ജനലിന്റെ പുറത്തെത്തിയ കുട്ടി അകത്തേയ്ക്കു കടക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ പിടിവിട്ട് താഴേക്കു വീഴുകയായിരുന്നു. 10 മിനുറ്റോളം കുഞ്ഞ് ജനലിലിൽ തൂങ്ങി കിടന്നിരുന്നെന്നും സംഭവത്തിനു ദൃക്സാക്ഷിയായ അയൽവാസി പറഞ്ഞു. സംഭവ സമയത്ത് കുഞ്ഞിന്റെ കുടുംബാംഗങ്ങൾ അപ്പാർട്ടമെന്റിൽ ഉണ്ടായിരുന്നു.

കുഞ്ഞ് ജനലിന്റെ പുറത്തു തൂങ്ങിക്കിടക്കുന്നത് കണ്ട സമീപവാസികൾ നിലവിളിച്ചും മറ്റും കുഞ്ഞിന്റെ അമ്മയുടെ ശ്രദ്ധ പിടിക്കാൻ ശ്രമിച്ചു, എന്നാൽ അപ്പാർട്ട്മെന്റിനുള്ളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് അയൽവാസികൾ അപ്പാർട്ട്മെന്റിനു താഴെ കുട്ടിക്കു വേണ്ടി പുതപ്പൊരുക്കുകയായിരുന്നു. തുങ്ങിക്കിടന്ന കുട്ടി പിടിവിട്ട് താഴെ സജ്ജമാക്കിയ പുതപ്പിലേക്കു തന്നെ വീണു. കുഞ്ഞു വീണ ശേഷം ജനലിന്റെ അടുത്ത് ഒരു സ്ത്രീ വരികയും സംഭവം മനസ്സിലാക്കി കുഞ്ഞിന്റെ അടുത്തേയ്ക്ക് ഓടി വരികയും ചെയ്തു. കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

താഴെ വീണ കുഞ്ഞിന് അയൽക്കാർ വെള്ളം കൊടുക്കുകയും സമാധാനിപ്പിച്ച് കുട്ടിയെ വീട്ടുകാർക്ക് കൈമാറുകയും ചെയ്തു. കുഞ്ഞ് രക്ഷപ്പെട്ട ശേഷം മാത്രമാണ് കുഞ്ഞിന്റെ അമ്മ താഴേക്കു വന്നതെന്ന് സംഭവത്തിലെ ദൃ്ക്സാക്ഷികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് കുഞ്ഞിന്റെ വീട്ടുകാർ പ്രതികരിച്ചിട്ടില്ല.