ദുബായ്: പുതുതായി ഡ്രൈവിങ് ലൈസൻസ് നേടുന്നവർക്ക് രണ്ടു വർഷത്തേക്ക് മാത്രം പെർമിറ്റ് നൽകാൻ ആലോചന. പ്രായഭേദമന്യേ ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി ഗതാഗത കോഓർഡിനേഷൻ വകുപ്പ് മേധാവി ബ്രിഗേഡിയർ ഷേക്ക് ഹസൻ അൽ സാബി വ്യക്തമാക്കി. അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ഇത് എല്ലാ എമിറേറ്റിലും നടപ്പാക്കാൻ ഒരുങ്ങുകയാണ്.

അജ്മാൻ പൊലീസ് സംഘടിപ്പിച്ച ഗതാഗത സുരക്ഷാ ഫോറത്തിനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പതിനെട്ടിനും 21നുമിടയിൽ പ്രായമുള്ളവർക്ക് താത്ക്കാലിക ലൈസൻസാണ് നൽകുന്നത്. മുമ്പ് വാഹനമോടിച്ചിട്ടില്ലാത്തവർക്കും മുപ്പത്താറ് രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസുള്ളവരും പരിശീലനം നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

ഇതുസംബന്ധിച്ച പഠനം നടന്നുവരികയാണെന്നും ഇതനുസരിച്ച് പുതിയ ഡ്രൈവർമാർക്ക് രണ്ടു വർഷത്തെ ഡ്രൈവിങ് പെർമിറ്റ് അല്ലെങ്കിൽ താത്ക്കാലിക ലൈസൻസ് എന്ന പദ്ധതി നടപ്പാക്കുമെന്നും അൽ സാബി വ്യക്തമാക്കി. 2017-ഓടെ രാജ്യത്ത് അപകടമരണങ്ങൾ ഇല്ലാതാക്കാനുള്ള നടപടിക്രമങ്ങൾ കൈക്കൊണ്ടുവരികയാണെന്നും 18നും 30നും മധ്യേ പ്രായമുള്ള ഡ്രൈവർമാരാണ് മിക്കവാറും അപകടങ്ങൾ വരുത്തുന്നതെന്നും ബ്രിഗേഡിയർ അൽ സാബി ചൂണ്ടിക്കാട്ടി. ഇത്തരക്കാർ സ്പീഡ് ലിമിറ്റ് പാലിക്കാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്.