ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിലുള്ള പ്രതീക്ഷ ഇന്ത്യൻ ജനത കൈവടികുന്നില്ല. സിഎംഎസ് റിസർച്ച് ഹൗസ് നടത്തിയ സർവേയിൽ 70 ശതമാനം പേരും മോദി ഭരണം തുടരട്ടേ എന്ന അഭിപ്രായക്കാരാണ്. 62 ശതമാനം പേരും പ്രധാനമന്ത്രിയുടെ പ്രവർത്തനത്തെ പ്രതീക്ഷയോടെ കാണുന്നു. എന്നാൽ നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ രണ്ടു വർഷങ്ങൾ ജനജീവിതത്തിൽ കാര്യമായ പരിവർത്തനം വരുത്തിയിട്ടില്ലെന്നു സിഎംഎസ് റിസർച്ച് ഹൗസ് നടത്തിയ സർവേയിൽ 49% പേർ അഭിപ്രായപ്പെട്ടു.

സ്ഥിതിഗതി കൂടുതൽ വഷളായതായി 15% കരുതുന്നു. പാവപ്പെട്ടവർക്കു സർക്കാരിന്റെ പദ്ധതികൾ പ്രയോജനപ്പെടുന്നില്ലെന്നാണ് 43% കരുതുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം തിരിച്ചെത്തിക്കുമെന്ന വാഗ്ദാനം പാലിക്കാൻ കഴിഞ്ഞില്ലെന്നും സർവേയിൽ ജനാഭിപ്രായമുയർന്നു.

പ്രധാനമന്ത്രി ദേശീയ താൽപര്യത്തിനും വികസനത്തിനുമാണ് ഊന്നൽ നൽകുന്നതെന്നു സർവേയിൽ പങ്കെടുത്തവരിൽ മൂന്നിലൊരു ഭാഗം വിലയിരുത്തി. രാജ്യാന്തര തലത്തിലുള്ള മോദിയുടെ പ്രകടനം 69% പേരും ഭരണത്തെ 50% പേരും പിന്തുണയ്ക്കുന്നുണ്ട്. മികവുപ്രകടിപ്പിച്ച കേന്ദ്രമന്ത്രിമാരിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണു മുന്നിൽ. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, റെയിൽവേ മന്ത്രി സുരേഷ് പ്രഭു എന്നിവരാണു തൊട്ടുപിന്നിൽ. പത്രങ്ങളുടെ ഒന്നാം പേജിൽ നിറഞ്ഞുനിൽക്കാൻ കഴിഞ്ഞ കേന്ദ്രമന്ത്രിമാർ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരാണ്. മറ്റു മന്ത്രിമാരുടെ മാദ്ധ്യമ സാന്നിധ്യം കാര്യമായുണ്ടായിട്ടില്ല.

നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിന്റെയും മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെയും പ്രവർത്തനം ശരാശരി മാത്രമെന്നാണു സർവേ പറയുന്നു. ഭക്ഷ്യമന്ത്രി റാം വിലാസ് പാസ്വാൻ, തൊഴിൽ മന്ത്രി ബണ്ഡാരു ദത്താത്രേയ എന്നിവർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടെന്നാണ് സർവ്വേയുടെ കണ്ടെത്തൽ.