ലൂസിയാന: മുടി മിനുക്കാൻ അമ്മ പുറത്തുപോയപ്പോൾ വീട്ടിൽ തനിച്ചായ പിഞ്ചു കുഞ്ഞുങ്ങൾ തീപിടുത്തത്തിൽ വെന്തുമരിച്ചു. ലൂസിയാനയിലെ ബാസ്‌ട്രോപ് മേഖലയിലുള്ള വീട്ടിലാണ് ഈ ദാരുണസംഭവം അരങ്ങേറിയത്.

ഇരുപത്തൊന്നുകാരിയായ സിയാരിയ ജോൺസൺ ആണ് നാലും മൂന്നും വയസുള്ള പിഞ്ചോമനകളെ വീട്ടിൽ തനിച്ചാക്കി മുടി മിനുക്കാൻ പോയത്. തിരിച്ചെത്തിയ സിയാരിയ കണ്ടത് അഗ്നി പൂർണമായും വിഴുങ്ങിയ തന്റെ വീടാണ്. കൂടെ ചേതനയറ്റ കുഞ്ഞുങ്ങളുടെ ശരീരവും. അതേസമയം അഗ്നിശമന പ്രവർത്തകർ അറിയിച്ചതിനെതുടർന്നാണ് സിയാരിയ വീട്ടിലെത്തിയതെന്നാണ് പൊലീസ് ഭാഷ്യം.

കുഞ്ഞുങ്ങളെ അയൽവാസികളിലൊരാളെ നോക്കാൻ ഏൽപ്പിച്ചിട്ടാണ് താൻ പോയതെന്നുള്ള സിയാരിയയുടെ വാദവും പൊലീസ് തള്ളി. പൊലീസ് അന്വേഷണത്തിൽ ഇതു വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളെ മണിക്കൂറുകളോളം വീട്ടിൽ തനിച്ചാക്കിയാണ് സിയാരിയ സലൂണിൽ പോയതെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം വീട്ടിലെ ലിവിങ് റൂമിൽ ഗ്യാസിൽ പ്രവർത്തിക്കുന്ന ഹീറ്റർ ഓണായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഹീറ്ററിനു സമീപത്തുള്ള ഏതെങ്കിലും വസ്തുവിൽ തീ പിടിച്ച ശേഷം അത് മറ്റുഭാഗത്തേക്ക് പടർന്നാകാം അപകടം സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു. പൂർണമായും തടിയിൽ നിർമ്മിച്ചിട്ടുള്ളതായിരുന്നു സിയാരയുടെ വീട്.  നരഹത്യയ്ക്ക് സിയാരിയയുടെ പേരിൽ കേസെടുത്തിട്ടുണ്ട്.