- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു; മരിച്ചവരിലൊരാൾ നവവരൻ; അപകടം നടന്നത് കുടുംബസമേതം തീർത്ഥയാത്ര കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ
തെന്മല: പരപ്പാർ ഡാമിനു സമീപത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് എസ്ബിഎം പാറക്കൽ പുത്തൻ വീട്ടിൽ അൻസിൽ (26 ) കരുനാഗപ്പള്ളി പുന്നക്കാല കിഴക്കത്തു പുത്തൻവീട്ടിൽ അൽത്താഫ് (23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 8.30ന് തെന്മല പരപ്പാർ അണക്കെട്ടിന് തൊട്ടുതാഴെയുള്ള കുളിക്കടവിലായിരുന്നു അപകടം. കുടുംബത്തോടൊപ്പം തമിഴ്നാട് ഏർവാടി പള്ളിയിൽ പോയി തിരികെ വരുമ്പോൾ ഡാം കവലയിലെ കുളിക്കടവിൽ ഇറങ്ങുകയായിരുന്നു.
ആദ്യം ഒരാളാണ് ഒഴുക്കിൽപ്പെട്ടത്. അടുത്തയാൾ രക്ഷിക്കാൻ ഇറങ്ങിയതോടെ രണ്ടുപേരും കയത്തിൽ മുങ്ങി താഴുകയായിരുന്നു. അൽത്താഫിന്റെ സഹോദരി ഭർത്താവാണ് അൻസിൽ. അൻസിലിന്റെ വിവാഹം രണ്ടാഴ്ച മുൻപായിരുന്നു. രണ്ടു കാറുകളിലായി തമിഴ്നാട്ടിലെ രാമേശ്വരം, ഏർവാടി പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം തെന്മല വഴി കരുനാഗപ്പള്ളിക്ക് പോകാൻ എത്തിയതായിരുന്നു. രാവിലെ തെന്മലയിൽ എത്തിയ ഇവർ കല്ലടയാറ്റിലെ കുളിക്കടവിൽ കുളിക്കാനിറങ്ങി. ഡാം പാലത്തിൽനിന്ന് അപകടം കണ്ട് ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കനത്ത ഒഴുക്ക് തടസ്സമായി.
പരപ്പാർ അണക്കെട്ടിന്റെ 3 ഷട്ടറുകളും 30 സെന്റിമീറ്റർ വീതം ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഒഴുക്ക് ശക്തമായിട്ടുണ്ട്. കുളിക്കടവിൽനിന്നും കല്ലടയാറ്റിലേക്ക് ഇറങ്ങിയ ഉടനെ രണ്ടുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇരുപത് മിനിറ്റിനു ശേഷമാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. ആറിന്റെ മറുകരയിൽ നിന്നിരുന്നവർ എത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. എസ്ഐ ഡി.ജെ.ഷാലുവിന്റെ നേതൃത്വത്തിൽ തെന്മല പൊലീസും നാട്ടുകാരും ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ഉണ്ടാകുന്ന മുങ്ങിമരണങ്ങൾ വർധിച്ചിട്ടും അധികൃതർ നടപടികളൊന്നും കൈകൊള്ളുന്നില്ലെന്ന പരാതി വ്യാപകമായിരിക്കുകയാണ്. തെന്മല അണക്കെട്ടിനു മുൻവശം മുതൽ ആയിരനല്ലൂർ കടവു വരെയുള്ള സ്ഥലത്ത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൊലിഞ്ഞത് 12 ജീവനുകളാണ്. പുറമേ ശാന്തമായിട്ടാണ് കല്ലടയാർ ഒഴുകുന്നതെങ്കിലും അടിയൊഴുക്ക് ശക്തമാണ്.
ഇപ്പോൾ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതിനാൽ ജലനിരപ്പും ഉയർന്നു നിൽക്കുകയാണ്. കല്ലടയാറിന്റെ പല സ്ഥലത്തും നദിയിൽ ഇറങ്ങരുതെന്ന ബോർഡ് കെഐപി (കല്ലട ഇറിഗേഷൻ പ്രൊജക്ട്) സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ശ്രദ്ധിക്കാറില്ല. നിലവിൽ അപകടം നടന്ന കുളിക്കടവ് തെന്മല ഇക്കോ ടൂറിസത്തിന്റെ ഫണ്ട് ഉപയോഗിച്ച് കെഐപിയാണ് നിർമ്മിച്ചത്. പരിപാലനമെല്ലാം ഇക്കോ ടൂറിസത്തിനാണെങ്കിലും പേരിനുപോലും ഇവിടെ ഒരാളെ നിയമിച്ചിട്ടില്ല. അപകട സൂചനാ ബോർഡുകളുമില്ല.
മറുനാടന് മലയാളി ബ്യൂറോ