ന്യൂഡൽഹി: ഒടുവിൽ കടുംപിടുത്തങ്ങളെല്ലാം ഉപേക്ഷിച്ച് ബ്രിട്ടൻ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ബ്രിട്ടൻ അംഗീകാരം നൽകി. കോവാക്സിൻ സ്വീകരിച്ചവർക്ക് നവംബർ 22 ന് ശേഷം ബ്രിട്ടനിൽ പ്രവേശിക്കാം. ക്വാറന്റീൻ വേണ്ട. ലക്ഷക്കണക്കിന് ഇന്ത്യാക്കാർക്ക് ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ തീരുമാനം.

നവംബർ 22 മുതൽ കോവാക്സിൻ എടുത്ത യാത്രക്കാർക്കും യുകെയിൽ ക്വാറന്റീൻ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് ട്വിറ്ററിൽ അറിയിച്ചു. നവംബർ 22ന് പുലർച്ചെ നാല് മണി മുതലാണു മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. യാത്രയ്ക്കു മുൻപുള്ള കോവിഡ് പരിശോധനയിൽ ഇളവ് ലഭിക്കും. എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റീൻ എന്നിവയിലും ഇളവുണ്ടാകും.

ഇന്ത്യക്കു പുറമേ, ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ ഇളവുകൾ. ഈ മാസം ആദ്യമാണ് ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്.

ഡെൽറ്റ വകഭേദത്തിനെതിരെ കോവാക്സിൻ 70 ശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവാക്സിന് സ്വിറ്റ്സർ ലാൻഡ് നേരത്തെ അംഗീകാരം നൽകിയിരുന്നു. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നതിന് മുമ്പു തന്നെ, 16 ഓളം രാജ്യങ്ങൾ കോവാക്സിൻ സ്വീകരിച്ചിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരിൽ കുത്തിവയ്ക്കുന്ന രണ്ടാമത്തെ വാക്സീനാണ് കോവാക്സിൻ. കോവാക്സിനു പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സീനുകൾക്കും യുകെയുടെ അംഗീകാരം നൽകി. ഈ രണ്ടു വാക്സീനുകൾക്കും ലോകാരോഗ്യസംഘടന നേരത്തേ അടിയന്തര അനുമതി നൽകിയിരുന്നു.