- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും മരണനിരക്കിൽ കുറവു വരുത്താനാവാതെ ബ്രിട്ടൻ; ശനിയാഴ്ച്ചയും മരിച്ചു 1348 പേർ; രോഗവ്യാപനത്തിൽ ഗണ്യമായ ഇടിവ്
ലണ്ടൻ: ഒരാഴ്‌ച്ചകൊണ്ട് ബ്രിട്ടനിലെ കോവിഡ് വ്യാപനനിരക്ക് 18 ശതമാനത്തോളം താഴ്ന്നുവെങ്കിലും മരണനിരക്കിൽ അത് പ്രതിഫലിക്കുന്നില്ല. മരണനിരക്ക്, നേരിയ തോതിൽ ആണെങ്കിൽപോലും ഉയർന്നു കൊണ്ടേ ഇരിക്കുന്നത് ബ്രിട്ടനെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ഇന്നലെ 33,552 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,617,459 ആയി ഉയർന്നു. മരണനിരക്ക് കഴിഞ്ഞ ശനിയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 4.1 ശതമാനം ഉയർന്ന് 1,348 ആയി.
എങ്കിലും, കഴിഞ്ഞ ആഴ്‌ച്ചകളിൽ ദൃശ്യമായതുപോലെ മരണനിരക്ക് കുത്തനെ കുതിച്ചുയരുന്നില്ല എന്നത് ചെറിയൊരു ആശ്വാസം പകരുന്ന കാര്യമാണ്. കോവിഡിന്റെ മൂന്നാം തരംഗത്തിന് ചെറിയരീതിയിലാണെങ്കിലും ശമനം വന്നുതുടങ്ങി എന്നതിന്റെ സൂചനയായിട്ടാണ് ഈ രംഗത്തെ വിദഗ്ദർ ഇതിനെ കണക്കാക്കുന്നത്. അതിനിടെ കെന്റിൽ കണ്ടെത്തിയ, ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണയുടെ ശക്തമായ പ്രഹരശേഷിയാണ് മരണനിരക്ക് വർദ്ധിപ്പിക്കുന്നതെന്ന് പ്രസ്താവന ശാസ്ത്രലോകം പക്ഷെ തള്ളിക്കളയുകയാണ്. പൂർണ്ണമായും തെളിയിക്കപ്പെടാനാകാത്ത ഒരു അനുമാനം മാത്രമാണിതെന്നാണ് അവരുടെ പക്ഷം.
ഇതുമായി ബന്ധപ്പെട്ട ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഈ പുതിയ ഇനം വൈറസിന് തന്റെ മുൻഗാമികളേക്കാൾ പ്രഹരശേഷി കൂടുതലാണെന്ന് പൂർണ്ണമായും തെളിയിക്കാൻ ഉതകുന്ന തെളിവുകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലത്തെ വിശദമായ കണക്കുകൾ ഇങ്ങനെയാണ്, വെയിൽസിൽ 1079 പുതിയ കേസുകളും 27 മരണങ്ങളും ഇന്നലെ രേഖപ്പെടുത്തി. സ്‌കോട്ട്ലാൻഡിൽ 1307 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 76 പേരാണ് കോവിഡിനു കീഴടങ്ങി മരണം വരിച്ചത്. നോർത്തേൺ അയർലൻഡിൽ 12 മരണങ്ങളും 670 പുതിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ബ്രിട്ടീഷ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നത് ഡെത്ത് സർട്ടിഫിക്കറ്റിൽ കോവിഡ് മരണകാരണമായി രേഖപ്പെടുത്തിയിട്ടുള്ളത് ഇതുവരെ 1.13,000 പേർക്കാണ് എന്നാണ്. ഏതായാലും വാക്സിൻ പദ്ധതി അതിന്റെ ബാലാരിഷ്ടതകൾ മാറ്റി വർദ്ധിച്ച വേഗത്തിൽ ആയത് ഏറെ ആശ്വാസം പകരുന്നുണ്ട്. ഫെബ്രുവരി പകുതിയോടെ 15 ദശലക്ഷം ആളുകൾക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകുക എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ജനുവരി 22 വരെ 6,329,968 പേർക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്.
അതേസമയം, രോഗവ്യാപനത്തെ അനുകൂലമായി സ്വാധീനിക്കുന്ന പ്രത്യൂദ്പാദന നിരക്ക് അഥവാ ആർ നിരക്ക് 1 ൽ നിന്നും താഴ്ന്നതായി സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗങ്ങൾ പറഞ്ഞു. പ്രതിവാരകണക്കുകൾ പരിശോധിച്ചാൽ, 30 ശതമാനത്തിന്റെ വരെ ഇടിവു കാണുന്നത് ഇതിന്റെ ലക്ഷണമാണെന്ന് ആരോഗ്യവകുപ്പും പറയുന്നു. അതേസമയം, മരണനിരക്ക് ഇനി ഏതാനും ആഴ്‌ച്ചകളിൽ കൂടി വർദ്ധിക്കുമെന്നും പ്രവചനമുണ്ട്.
മറുനാടന് ഡെസ്ക്