ലണ്ടൻ: ജനുവരിയിൽ രണ്ടാം തരംഗത്തിന്റെ മൂർദ്ധന്യഘട്ടം കഴിഞ്ഞതിനു ശേഷം ഇതാദ്യമായി ബ്രിട്ടനിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000 കവിഞ്ഞു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് കേവലം രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 45 ശതമാനം വർദ്ധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 51,870 പേർക്കാണ് ഇന്നലെ ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനൊപ്പം മരണ നിരക്കും അതുപോലെ ചികിത്സതേടി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുകയാണ്.

ഇന്നലെ 49 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 66 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതുപോലെ ജൂലായ് 12 ലെ കണക്കുകൾ പ്രകാരം 717 കോവിഡ് രോഗികളേയാണ് വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഇക്കാര്യത്തിൽ പ്രതിവാര വർദ്ധനവിന്റെ വേഗതയിൽ ഒരു കുറവു വന്നിട്ടുണ്ടെങ്കിലും ആശുപത്രികൾക്ക് മേൽ സമ്മർദ്ദം ഏറുന്ന കാഴ്‌ച്ച്ച തന്നെയാണ് കാണുന്നത്.

മൂന്നാം ഘട്ടം ആരംഭിച്ചതുമുതൽ തന്നെ രോഗം ബാധിച്ചവരിൽ അത് ഗുരുതരമാകാതിരിക്കാൻ വാക്സിൻ സഹായിച്ചിട്ടുണ്ട്. എന്നാൽ ഒരു വാക്സിനും പൂർണ്ണ സംരക്ഷണം ഒരുക്കുന്നില്ല. അതുകൊണ്ടുതന്നെ വരും ആഴ്‌ച്ചകളിൽ എൻ എച്ച് എസ്സിനുമേൽ കടുത്ത സമ്മർദ്ദം വരുമെന്നാണ് വിദഗ്ദർ പറയുന്നത്. ഇപ്പോൾ തന്നെ പല പ്രധാന ആശുപത്രികളും അത്ര അത്യാവശ്യമില്ലാത്തെ ശസ്ത്രക്രിയകളും മറ്റും റദ്ദ് ചെയ്ത് കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറെടുക്കുകയാണ്.

രോഗവ്യാപന തോത് ഇനിയും ക്രമാതീതമായി വർദ്ധിച്ചാൽ ബ്രിട്ടനിൽ വീണ്ടും ലോക്ക്ഡൗൺ വന്നേക്കും. രാജ്യം മുഴുവനുമായി തന്നെ രോഗവ്യാപന തോത് വർദ്ധിക്കുന്നുണ്ടെങ്കിലും വടക്ക് കിഴക്കൻ ഇംഗ്ലണ്ടിലാണ് ഇത് കൂടുതലുള്ളത് തെക്കൻ ടെനിസൈഡിൽ 1 ലക്ഷം പേരിൽ 1,375 രോഗികൾ എന്നതാണ് നിലവിലെ സ്ഥിതി. 1 ലക്ഷം പേരിൽ 992 രോഗികളുമാഖ്യി ഹാൾട്ട്പൂൾ തൊട്ടുപുറകിൽ നിൽക്കുന്നു. 969 രോഗികളുമായി സുന്ദർലാൻഡ്, 964 രോഗികളുമാഹ്യി മിഡിൽബറോ എന്നിവയാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.

അതേസമയം എൻ എച്ച് എസിന്റെ കോവിഡ് 19 ആപ്പ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ആപിന്റെ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് 5,200 സുരക്ഷാ സൈനികരാണ് ജോലിയിൽ നിന്നും വിട്ടുമാറി സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയെ തന്നെ ഇത് ബാധിക്കുമെന്ന് മുതിർന്ന എം പിമാർ മുന്നറിയിപ്പു നൽകി. അതുപോലെപല എൻ എച്ച് എസ് ആശുപത്രികളിലും ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്ത അവസ്ഥയാണുള്ളത്. ആപ്പ്. സെൽഫ് ഐസൊലേഷൻ നിർദ്ദേശിച്ചാലുംവാക്സിന്റെ രണ്ടു ഡോസുകളും എടുത്ത ജീവനക്കരെ സെൽഫ് ഐസൊലേഷനിൽ നിന്നും ഒഴിവാക്കാൻ ആശുപത്രികൾ ആലോചിക്കുകയാണിപ്പോൾ.