ലണ്ടൻ: കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടൻ വിജയയാത്ര തുടരുമ്പോൾ, കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് വീണ്ടും ആശങ്കപരത്തിക്കൊണ്ട് ആളുകൾ തെരുവുകളിൽ കൂട്ടം കൂടുന്നു. കാർഡിഫ്, എക്സ്മൗത്ത്, പ്ലിമത്ത് എന്നിവിടങ്ങളിൽ ഇന്നലെ രാത്രി കൂട്ടം കൂടിയവരെ പിരിച്ചുവിടാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. നിലവിലുള്ള റൂൾ ഓഫ് സിക്സ് അവഗണിച്ച് ഡെവണിലെ ഒരു ബീച്ചിൽ രാത്രി പാർട്ടിക്കായി കൂടിയ 40 പേരടങ്ങുന്ന സംഘത്തെ പിരിച്ചുവിടാനും പൊലീസിനു ബലം പ്രയോഗിക്കേണ്ടിവന്നു. ഇവർക്കിടയിൽ സംഘട്ടനം മൂർച്ഛിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്.

കാർഡിഫിൽ നിന്നും ചില വഴിയാത്രക്കാരെടുത്ത ചിത്രത്തിൽ സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടിയ നൂറിലധികം പേരെ കാണാം. അതുപോലെ കാർഡിഫ് ബേയിലും സൂര്യാസ്തമനത്തിനു ശേഷം നൂറുകണക്കിനാളുകൾ നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുചേർന്നു. പൊലീസ് പട്രോളിങ് വർദ്ധിപ്പിക്കുകയും തങ്ങളുടെ കുട്ടികളേ തെരുവിലേക്കിറക്കരുതെന്ന് മാതാപിതാക്കളോട് അപേക്ഷിക്കുകയും ചെയ്തതിനു ശേഷമാണ് ഇത്രയും അധികം ചെറുപ്പക്കാർ വിലക്കുകൾ അവഗണിച്ച് ഒത്തുകൂടിയത്.

അതേസമയം സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗവ്യാപനതോതാണ് ബ്രിട്ടനിൽ ഇന്നലെ രേഖപ്പെടുത്തിയത്. വെറും 3,402 പേർക്ക് മാത്രമാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതുപോലെ പ്രതിദിന മരണനിരക്ക് 52 ആയി കുറയുകയും ചെയ്തു. ഈസ്റ്ററിനോടനുബന്ധിച്ചുള്ള നാലു ദിവസത്തെ ഒഴിവുദിനങ്ങൾ ഉൾക്കോള്ളുന്ന വാരാന്ത്യം പക്ഷെ ബ്രിട്ടൻ നേടിയ നേട്ടങ്ങളെ എല്ലാം ഇല്ലാതെയാക്കുമോ എന്ന ഭയവും ജനിപ്പിക്കുന്നുണ്ട്.

ഡെവണിലെ എക്സ്മൗത്ത് ബീച്ചിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടിക്കായി ഒത്തുകൂടിയവർ തമ്മിൽ പൊരിഞ്ഞ അടിനടന്നതായി റിപ്പൊർട്ടുകളുണ്ട്. വൈകിട്ട് 6:30 ഓടെയാണ് ഇവിടെ ജനങ്ങൾ ഒത്തുകൂടാൻ ആരംഭിച്ചത്. പ്രധാനമായും യുവാക്കൾ ഉൾപ്പെട്ട സംഘമായിരുന്നുസംഘടനത്തിൽ ഏർപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് അവരെ പിരിച്ചുവിടുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവരെ തെരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഘട്ടനം ഉണ്ടായെങ്കിലും ആർക്കെങ്കിലും പരിക്കുകൾ പറ്റിയതായി അറിവില്ലെന്നും പൊലീസ് പറഞ്ഞു.

പത്തിലധികം പേരടങ്ങുന്ന നാല് സംഘങ്ങളെ ഓർകോംബ് പോയിന്റിലും പൊലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. മദ്യപിച്ച് ലക്കുകെട്ട ചെറുപ്പക്കാർ ഇവിടെയും സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്നു. പ്ലിമത്തിലെ കടൽത്തീരത്തും നിയന്ത്രണങ്ങൾ ലംഘിച്ച് നൂറുകണക്കിനാളുകൾ ഒത്തുകൂടിയ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി വീടുകളിൽ നിന്നും പുറത്തിറങ്ങാനുള്ള അനുമതി നൽകിയത്.

നൂറുകണക്കിന് ചെറുപ്പക്കാരാൺ! സാമൂഹ്യ അകലം പാലിക്കാതെ ഒത്തുകൂടിയതെന്ന് ചൂണ്ടിക്കാട്ടിയ പ്രൊഫസർ ആഡം ഫിൻ, ഇത്തരത്തിൽ എല്ലായിടത്തും സംഭവിക്കുകയാണെങ്കിൽ അധികം വൈകാതെ കോവിഡ് കേസുകളൂടെ എണ്ണത്തിൽ അധികം താമസിയാതെ വൻ വർദ്ധനവ് പ്രതീക്ഷിക്കാനാകുമെന്നും പറഞ്ഞു. വൈറസ് ഇല്ലാതെയായിട്ടില്ലെന്നും നമുക്കൊപ്പം തന്നെയുണ്ടെന്നും പ്രൊഫസർ ലോറൻസ് യംഗും മുന്നറിയിപ്പ് നൽകുന്നു. തുറസ്സായ സ്ഥലങ്ങളിൽ വൈറസ് പകരുവാൻ സാധ്യത കുറവാണെങ്കിലും, ഇത്തരം ആൾക്കൂട്ടങ്ങൾ അതിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മെഴ്സിസൈഡ്, ഹമ്പർസൈഡ്, ഡോർസെറ്റ്, സസ്സക്സ്, ചെഷയർ എന്നിവിടങ്ങളിൽ റൂൾ ഓഫ് സിക്സ് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് അതാതിടങ്ങളിലെ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഈസ്റ്ററിനോടനുബന്ധിച്ച് ബന്ധുക്കളെ സന്ദർശിക്കുവാനും മറ്റുമായി 5.6 മില്ല്യൻ കാറുകൾ ഈ വാരാന്ത്യത്തിൽ നിരത്തുകളിൽ ഇറങ്ങുമെന്നാണ് ആർ എ സി പുറത്തിറക്കിയ സർവ്വേ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, രണ്ട് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവർക്ക് ഒത്തുചേരാമെന്നും ഇതിൽ എത്രപേർ എന്നതിന് പരിധികൾ ഇല്ലെന്നുമുള്ള നിയമം റൂൾ ഓഫ് സിക്സ് നടപ്പാക്കുന്നത് അപ്രായോഗികമാക്കുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.