- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡെവണിൽ പട്ടാളത്തെ വിളിക്കേണ്ടി വന്നു; സ്കോട്ട്ലൻഡിൽ റോക്കറ്റ് പോലെ കുതിക്കുന്നു; ഇന്നലെയും യു കെയിൽ പുതിയ രോഗികളുടെ എണ്ണം 33,000 കടന്നു; ലോക്ക്ഡൗണിലേക്ക് തന്നെ പോവേണ്ടി വരുന്ന വിധം ബ്രിട്ടൻ വീണ്ടും കുഴപ്പത്തിൽ
ലണ്ടൻ: വാക്സിൻ പദ്ധതിയുടെ വിജയത്തിൽ ഊറ്റം കൊള്ളുമ്പോഴും ബ്രിട്ടനെ വിടാതെ പിന്തുടരുകയാണ് കൊറോണയെന്ന ദുരന്തം. ഇന്നലെയും പുതിയ കേസുകളുടെ കാര്യത്തിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 33,196 പേർക്ക് ഇന്നലെ ബ്രിട്ടനിൽ പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ 61 കോവിഡ് മരണങ്ങളൂം രേഖപ്പെടുത്തി. എന്നിരുന്നാലും രോഗവ്യാപനത്തിന്റെ വേഗതയിൽ ചെറിയൊരു കുറവു വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ചയിലെ വ്യാപനതോതിന്റെ പ്രതിവാര ശരാശരി തൊട്ടു മുൻപത്തെ ആഴ്ച്ചയിലേതിനേക്കാൾ 5.8 ശതമാനമാണ് വർദ്ധിച്ചത്. അതിനു മുൻപത്തെ ആഴ്ച്ചയിൽ ദൃശ്യമായത് 16 ശതമാനത്തിന്റെ വർദ്ധനവായിരുന്നു.
സാധാരണയായി ഞായറാഴ്ച്ചയിലെ മരണ സംഖ്യ പ്രവർത്തിദിനങ്ങളിലേതിനേക്കാൾ കുറവായിരിക്കും അവധി ആയതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ വരുന്ന കാലതാമസമാണിതിനു കാരണം. കഴിഞ്ഞയാഴ്ച്ചയിലെ ശരാശരി കണക്ക് നോക്കിയാൽ പ്രതിദിനം 114 മരണങ്ങളാണ്, കോവിഡ് മൂലം ബ്രിട്ടനിൽ സംഭവിച്ചിരിക്കുന്നത്. അതെസമയം വാക്സിൻ പദ്ധതിയിലും പുരോഗതി ദൃശ്യമാകുന്നുണ്ട്. ഓഗസ്റ്റ് 28 വരെയുള്ള കണക്കുകൾ കാണിക്കുന്നത് ഇതുവരെ ബ്രിട്ടനിൽ 9,06,41,097 വാക്സിൻ ഡോസുകൾ നൽകി കഴിഞ്ഞെന്നാണ്.
രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. അതിനിടയിലാണ് ലക്ഷക്കണക്കിന് ആളുകൾക്ക്, യഥാസമയം വാക്സിന്റെ രണ്ടാം ഡോസ് ലഭിച്ചില്ലെന്ന വിവരം പുറത്തുവരുന്നത്. ഓഗസ്റ്റ് 18 ന് 1.4 ദശലക്ഷം പേർക്കായിരുന്നു അവരുടെ ഫൈസർ വാക്സിന്റെ രണ്ടാം ഡോസ് കൊടുക്കേണ്ടിയിരുന്നത്. ഇതാണ് ലഭിക്കാതെ വന്നത്. അതേ ദിവസം തന്നെ ഓക്സ്ഫോർഡ് വാക്സിന്റെ രണ്ടാം ഡോസ് ഏടുക്കേണ്ട 6 ലക്ഷത്തോളം പേരും വാക്സിൻ സ്വീകരിക്കാൻ എത്തിയില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അതിനിടെ, തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കുവാനുമുള്ള നിർദ്ദേശം വന്നുകഴിഞ്ഞു. രോഗികളുടെ തിരക്ക് വർദ്ധിച്ചതോടെ ഡെവൺ ആൻഡ് കോൺവാൽ ആംബുലൻസ് സർവ്വീസിന് ബ്രിട്ടീഷ് സൈന്യത്തിന്റെ സേവനം തേടേണ്ടതായി വന്നിരിക്കുകയാണ്. വേനലവധിക്ക് ശേഷം സ്കൂളുകളിലെത്തുന്ന വിദ്യാർത്ഥികളും കൂടുതൽ കരുതൽ എടുക്കേണ്ടതായി വരും.
അതിനിടയിൽ, കോൺവാൽ, ട്രുർലെ ഏക വലിയ ആശുപത്രിയിൽ രോഗികളുടെ എണ്ണം കണക്കിലും അധികമായതോടെ ഹൈ അലേർട്ട് ലെവലിലേക്ക് ഉയർത്തിയിരിക്കുകയാണ്. റോയൽ കോൺവാൽ ആശുപത്രിയിലും ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിൽ 20 മണീക്കൂർ വരെ കാലതാമസം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. നീണ്ടനിരയായി ആംബുലൻസുകൾ ഊഴവും കാത്ത് നിൽക്കുകയാണിവിടെ. ഈ മേഖലയിലെ മറ്റു മൂന്നു പ്രധാന ആശുപത്രികളിലും സമാനമായ സാഹചര്യമാണുള്ളത്.
ഈയൊരുാഴ്ച്ചത്തേക്കാണ് സൈന്യത്തിന്റെ സഹായം തേടിയിരിക്കുന്നതെങ്കിലും , അതുകഴിഞ്ഞും സൈന്യത്തിന്റെ സാന്നിദ്ധ്യം തുടർന്നേക്കുമെന്നാണ് കാര്യങ്ങളുടെ പോക്ക് തെളിയിക്കുന്നത്. വീടുവീടാന്തരം കയറിയിറങ്ങിയുള്ള രോഗ പരിശോധനയും, രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്ന നടപടിയും വീണ്ടും ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രദർശിപ്പിക്കാത്തവരെയും രോഗ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്.
അതേസമയം, സ്കോട്ട്ലാൻഡിൽ കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. എൻ എച്ച് എസ് വളരെയധികം സമ്മർദ്ദം അനുഭവിക്കുകയാണെന്നാണ് ആരോഗ്യ സെക്രട്ടറി ഹംസ യൂസഫ് അറിയിച്ചത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 507 കോവിഡ് രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 52 പേർ ഇന്റൻസീവ് കെയറിലുമുണ്ട്. സ്കോട്ട്ലാൻഡി കോവിഡ് വ്യാപനം കുതിച്ചുയരുകയാണെന്ന് പറഞ്ഞ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ സർക്കാർ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
നിലവിൽ സ്കോട്ട്ഖലാൻഡിലെ മൂന്ന് കൗൺസിൽ ഏരിയകളിലാണ് രോഗവ്യാപനം ശക്തമായിട്ടുള്ളത്. കിഴക്കൻ ഡൺബാർട്ടൺഷയർ, പടിഞ്ഞാറൻ ഡൺബാർട്ടൺഷയർ, ലാനാർക്ഷയർ എന്നിവയാണ് അവ. 40 വയസ്സിനു താഴെയുള്ളവരോട് വാക്സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്സിൻ ഏടുക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.നിലവിൽ രോഗം ബാധിക്കുന്നവരിൽ മൂന്നിൽ രണ്ടുഭാഗവും 40 വയസ്സിൽ താഴെയുള്ളവരാണ്. കോവിഡുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 30 ശതമാനവും ഈ പ്രായപരിധിയിൽ പെട്ടവരാണ്.
മറുനാടന് ഡെസ്ക്