ലണ്ടൻ: ബ്രിട്ടനിൽ ഒരു നിശ്ചിതകാലം നിയമപരമായി ജീവിച്ചാൽ ഇവിടത്തെ പെർമനന്റ് റെസിഡന്റിന്റെയും പൗരത്വം കിട്ടുമെന്ന് എല്ലാവർക്കുമറിയാം. അതിനു മുന്നോടിയായി ഇന്ത്യ പോലുള്ള രാജ്യങ്ങൾ പഴയ പൗരത്വം ഉപേക്ഷിക്കണം. അങ്ങനെ പുതിയ പൗരത്വം എടുത്ത ശേഷം ക്രിമിനൽ കേസിന്റെയോ മറ്റെന്തെങ്കിലും കാരണത്താലോ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാനാകുമോ? റോച്ച്ഡെയിലിൽ വെള്ളക്കാരായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടു പാക്കിസ്ഥാനികളെ നാടു കടത്താനുള്ള നീക്കം ചർച്ചയാക്കുന്നത് ഇതാണ്.

12 വയസിൽ താഴെയുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് റോച്ച്ഡെയിലിലെ കുപ്രസിദ്ധ ഗ്യാങ്ങിൽ ഉൾപ്പെട്ട രണ്ടു പേരെ നാടു കടത്തുവാൻ തീരുമാനിച്ചത്. എന്നാൽ, തങ്ങളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് ട്രിബ്യൂണലിനു മുന്നിൽ ഇവർ വ്യക്തമാക്കിയിരിക്കുന്നത്. ആദിൽ ഖാൻ, ഖാരി അബ്ദുൽ റൗഫ് എന്നീ രണ്ടു പേരെയാണ് പാക്കിസ്ഥാനിലേക്ക് തന്നെ തിരികെ അയക്കുന്നത്. കഴിഞ്ഞ ആറു വർഷമായി നീളുന്ന പോരാട്ടത്തിനൊടുവിലാണ് ഹോം ഓഫീസ് ഇവരെ നാടു കടത്തുന്നത്.

അതേസമയം, ഈമാസം അവസാനം നാടു കടത്താനുള്ള ഓർഡറിനെതിരെ ഇരുവരും അപ്പീൽ നൽകിയിരിക്കുകയാണ്. അവരുടെ സ്വകാര്യവും കുടുംബ ജീവിതവും എല്ലാം കണക്കിലെടുത്ത് മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ചാണ് അപ്പീൽ നൽകിയിരിക്കുന്നത്. ഖാനിൽ നിന്നും 13 വയസുകാരിയായ പെൺകുട്ടി ഗർഭിണിയാണെങ്കിലും കുഞ്ഞിന്റെ അച്ഛൻ താനല്ലായെന്ന് നിഷേധിക്കുകയാണ് ഖാൻ ചെയ്തത്. 2021ൽ എട്ടു വർഷം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും നാലു വർഷത്തിനു ശേഷം പുറത്തിറങ്ങുകയായിരുന്നു.

അഞ്ചു കുട്ടികളുടെ അച്ഛനാണ് റൗഫ്. എന്നിട്ടും 15 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടു പോവുകയും വാഹനത്തിൽ വച്ചും ഫ്ളാറ്റിൽ വച്ചും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും മറ്റു പലർക്കുമായി അവളെ നൽകുകയും ചെയ്തു. ആറു വർഷത്തേക്കാണ് റൗഫിനെ ശിക്ഷിച്ചത്. എന്നാൽ രണ്ടരവർഷത്തെ ശിക്ഷയ്ക്കു ശേഷം 2014 നവംബറിൽ പുറത്തിറങ്ങി. തങ്ങൾ ഇപ്പോൾ പാക്കിസ്ഥാനി പൗരന്മാർ അല്ലെന്നും അതിനാൽ തന്നെ പാക്കിസ്ഥാനിലേക്ക് നാടു കടത്താൻ സാധിക്കില്ലെന്നുമാണ് ട്രിബ്യൂണലിനു മുന്നിൽ ഇരുവരും പറഞ്ഞിരിക്കുന്നത്.