- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശിൽ ബിജെപി വിട്ടു മറുകണ്ടം ചാടിയത് പിന്നോക്ക വിഭാഗത്തിൽ പെട്ട നേതാക്കൾ; ബിജെപിയെ നേതാക്കൾ കൈവിട്ടെന്ന പ്രചരണം ഊർജ്ജിതമാക്കാൻ എസ്പിയും; കാത്തിരുന്നോളൂ.. വമ്പൻ തിരിച്ചടി തക്ക സമയത്ത് വഴിയെ വരുമെന്ന സൂചനയുമായി യോഗി അനുകൂല നേതാക്കളും

ന്യൂഡൽഹി: ഉത്തർപ്രദേശ് ബിജെപിയെ ശരിക്കും ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഏതാനും ദിവസങ്ങളായി നടക്കുന്നത്. എംഎൽഎമാരും മന്ത്രിമാരും തുടർച്ചയായി മറുകണ്ടം ചാടുന്നതാണ് യോഗിക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. നേതാക്കളുടെ കൊഴിഞ്ഞു പോക്ക് വഴിയെ പോകുമ്പോൾ നേതാക്കൾക്കു ഞെട്ടലുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് നിർണായകമായ ഒ.ബി.സി. വിഭാഗത്തിൽനിന്ന് മൂന്നു നേതാക്കളടക്കം ഒമ്പത് പ്രമുഖരാണ് മൂന്നുദിവസത്തിനിടെ പാർട്ടിവിട്ടത്. യാദവർക്കൊപ്പം ഇതര പിന്നാക്കവിഭാഗത്തെയും ഒപ്പംനിർത്താനുള്ള സമാജ്വാദി പാർട്ടിയുടെ തന്ത്രങ്ങളാണ് ഇതിലൂടെ ഫലംകാണുന്നത്. അഖിലേഷിന്റെ ഭാഗത്തു നിന്നും അപ്രതീക്ഷിതമായ നീക്കങ്ങൾ കാലെ കൂട്ടി കാണുന്നതിൽ ബിജെപി പരാജയപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്.
2016 മുതൽ ബിജെപി.ക്കൊപ്പം നിൽക്കുന്ന ഈ നേതാക്കൾ പിന്നാക്കവിഭാഗത്തിലെ മൗര്യ, കുശ്‌വാഹ തുടങ്ങിയ സമുദായങ്ങളിൽ പരക്കെ സ്വാധീനമുള്ളവരാണ്. സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതിനിശ്ചയിക്കുന്നത് 35-37 ശതമാനം വരെയുള്ള പിന്നാക്ക (ഒ.ബി.സി.) വിഭാഗങ്ങളാണ്. ഈ വിഭാഗങ്ങളിൽ 10-12 ശതമാനംവരെയുള്ള യാദവസമുദായമാണ് പ്രധാനം. ഈ വോട്ടുകളിലേറെയും സമാജ്വാദി പാർട്ടിക്കാണ് കാലങ്ങളായി ലഭിക്കുന്നത്. ബാക്കിയുള്ള യാദവേതര വോട്ടുകൾ തന്ത്രപരമായി സ്വന്തമാക്കിയാണ് സമാജ്വാദി പാർട്ടിയെ അട്ടിമറിച്ച് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പുമുതൽ ബിജെപി. സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കിയത്.
2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുടെയും മായാവതിയുടെയും ജാതിവോട്ടുബാങ്കുകളെ ബിജെപി. സമർഥമായി മുറിച്ചു. 2017-ൽ സമാജ്വാദി പാർട്ടിക്ക് യാദവവോട്ടുകളിൽ 66 ശതമാനം ലഭിച്ചെങ്കിൽ യാദവേതര പിന്നാക്ക വോട്ടുകളിൽ 60 ശതമാനം ബിജെപി.യാണ് സ്വന്തമാക്കിയത്. ദളിത് വോട്ട് അടിത്തറയിൽപ്പെട്ട ജാടവവോട്ടുകളിൽ 86 ശതമാനവും ജാടവ ഇതര വോട്ടുകളിൽ 43 ശതമാനവും മായാവതിക്കൊപ്പംനിന്നെങ്കിലും ജാടവ ഇതര വോട്ടുകളിൽ 31 ശതമാനം ബിജെപി. ചോർത്തി. ആദ്യമായാണ് ജാടവ ഇതര വോട്ടുകൾ ബിജെപി. നേടുന്നത്.
പാർട്ടിയുടെ ഉറച്ചവോട്ടുകളായ ഉയർന്നസമുദായത്തിനൊപ്പം ഈ വോട്ടുകളും സംഭരിച്ചാണ് 2017-ൽ ബിജെപി. ഭരണംപിടിച്ചത്. ഈ പിന്നാക്കവോട്ടുബാങ്കിൽനിന്ന് ഇപ്പോൾ ചോർച്ച നേരിടുന്നതാണ് ബിജെപി. കേന്ദ്ര-സംസ്ഥാന നേതാക്കളെ അസ്വസ്ഥരാക്കുന്നത്. കൂടുതൽ നേതാക്കൾ കൊഴിയാതിരിക്കാൻ സമവായചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
അതേസമയം ബിജെപി നേതാക്കൾ പറയുന്നത് തക്ക സമയത്ത് തക്ക തിരിച്ചടി ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. നന്ദ കിഷോർ ഗുജ്ജർ എന്ന എംഎൽഎയെയും കുടുംബത്തെയും പൊലീസ് പീഡിപ്പിച്ചെന്നാരോപിച്ച് 2019 ഡിസംബറിൽ നൂറ്റൻപതോളം ബിജെപി അംഗങ്ങളുൾപ്പെടെ യുപി നിയമസഭയ്ക്കുള്ളിൽ ധർണ നടത്തിയിരുന്നു. അന്നു മുഖ്യമന്ത്രിയുടെയും മറ്റും ഭീഷണിക്കു വഴങ്ങി ധർണ അവസാനിപ്പിക്കേണ്ടിവന്നവരാണ് ഇപ്പോൾ പാർട്ടി വിടുന്നതിൽ പലരുമെന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
തക്കസമയത്ത് പ്രതികരിക്കാൻ എല്ലാവരും തീരുമാനിച്ചിരുന്നുവെന്ന് 2019 ലെ ധർണ സൂചിപ്പിച്ച് ഇന്നലെ രാജിവച്ച മന്ത്രി ധരം സിങ് സയ്‌നി പറഞ്ഞതിന്റെ സൂചനയും ഇതാണ്. ടിക്കറ്റ് ലഭിക്കില്ലാത്തവരാണ് പാർട്ടി വിടുന്നതെന്നു പരസ്യനിലപാടുള്ളപ്പോഴും ഇതര പിന്നാക്ക വിഭാഗങ്ങൾക്കു മേൽക്കൈയുള്ള മണ്ഡലങ്ങളിൽ വിശദീകരണ യോഗങ്ങളും ജനസമ്പർക്ക പരിപാടികളും കൂടുതലായി നടത്താനാണു ബിജെപിയുടെ തീരുമാനം. ഏതെങ്കിലും ഒരു മേഖലയിൽനിന്നുള്ളവരല്ല, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ളവരാണ് രാജിവച്ച എംഎൽഎമാരെന്നതും പ്രശ്‌നത്തെ ഏറെ ഗൗരവത്തോടെ സമീപിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നു.


