വാഷിങ്ടൺ ഡി സി: ഇറാക്ക്, സിറിയ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പീഡനത്തിന് വിധേയരാകുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനുള്ള ധന സഹായ ബിൽ യു എസ് പ്രതിനിധി സഭ ഔക്യ കണ്‌ഠേനെ പാസ്സാക്കി.ഇസ്ലാമിക സ്റ്റേറ്റിന്റെ ഭീകരാക്രമണത്തിൽ നിന്നും, രക്ഷപ്പെട്ട് പലായനം ചെയ്യുന്നവർക്ക് കൂടെ ബില്ലിന്റെ പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് വകുപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇറാക്ക്, സിറിയ തൂടങ്ങിയ രാജ്യങ്ങളിൽ ക്രൈസ്തവരുടെ ഇടയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ഗ്രൂപ്പുകൾക്ക് യു എസ് ഡിഫൻസ്, യു എസ് ഏജൻസി ഫോർ ഇന്റർ നാഷണൽ ഡവലപ്‌മെന്റ് തുടങ്ങിയവയിലൂടെ ഫെഡറൽ ഫണ്ട് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റിപ്പബ്ലിക്കൻ പ്രതിനിധികളായ ക്രിസ്സ് സ്മിത്ത് (ന്യൂജേഴ്‌സി), അന്ന ഈഷു (കാലിഫോർണിയ) എന്നിവർ ബില്ലിന് രൂപം നൽകിയത്.ജൂൺ രണ്ടാം വാരം യു എസ് പ്രതിനിധി സഭ പാസ്സാക്കിയ ഈ ബില്ലിന് സെനറ്റിന്റെ അംഗീകാരവും, തുടർന്ന് പ്രസിഡന്റിന്റെ അംഗീകാരവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിഡിൽ ഈസ്റ്റിൽ സജ്ജീവമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനകൾക്ക് സഹായം നൽകുക എന്നതാണ് ഈ ബില്ലുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐ ഡി സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫിലിപ്പി നസീഫ് പറഞ്ഞു.