വാഷിങ്ടൺ: ഇനി യു എസ് വിസ കിട്ടാൻ പെടാ പാട് പെടേണ്ടി വരും. കാരണം രാജ്യസുരക്ഷയുടെ പേരിൽ യുഎസ് വീസ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. ഇതിനായി യുഎസ് വീസയ്ക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ സമൂഹമാധ്യമങ്ങളിലെ മുൻകാല വിവരങ്ങൾ ഉൾപ്പെടെ നൽകേണ്ടി വരുമെന്നാണ് പുതിയ തീരുമാനം.

വ്യക്തികളുടെ മുമ്പുണ്ടായിരുന്ന ഫോൺ നമ്പർ, ഇമെയിൽ വിലാസം, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ എന്നിവയെല്ലാം ഇവർ പരിശോദിക്കും ഇതിനായി നേരത്തേ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവയും വീസ അപേക്ഷയ്‌ക്കൊപ്പം നൽകണം എന്നാണ് പുതിയ നിയമം.

ഫേസ്‌ബുക്കിലും ട്വിറ്ററ്റിലും ഉൾപ്പെടെ അപേക്ഷകൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആരംഭിച്ച എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും സകല വിവരങ്ങളും ഇതിൽ നൽകണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഉപയോഗിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഫോൺ നമ്പരുകളും ഇമെയിൽ വിലാസങ്ങളും.

രാജ്യത്തിന് ഭീഷണിയായേക്കുന്നവരുടെ വരവിനെ തടയുകയാണ് ഇതിലുടെ യു.എസ് ലക്ഷ്യമിടുന്നത്. ഇമിഗ്രന്റ് വിസയ്ക്കായി അപേക്ഷിക്കുന്ന 7.1 ലക്ഷം പേരെയും നോൺഇമിഗ്രന്റ് വിസയ്ക്കായി അപേക്ഷിക്കുന്ന 1.4 കോടി പേരെയും ബാധിക്കുന്നതാണു പുതിയ നയം.ഇമിഗ്രന്റ്, നോൺഇമിഗ്രന്റ് വീസ പ്രകാരം യുഎസിലെത്തുന്ന എല്ലാവർക്കും ഇതു ബാധകമാണ്. ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ വീസ ഫോമും 'ഫെഡറൽ രജിസ്റ്റർ' വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുമ്പ് ഇത്തരത്തിൽ വിസ അപേക്ഷകരിൽ നിന്ന് യു എസ് വിവരങ്ങൾ തേടിയിരുന്നു. എന്നാൽ അത് തീവ്രവാദം രൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ വിവര ശേഖരണത്തിന്റെ കീഴിലാണ് വരുന്നത്.

അപേക്ഷകന്റെ ആരോഗ്യനില സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പടെ വീസ അപേക്ഷകൻ നടത്തിയ രാജ്യാന്തര യാത്രകളുടെ വിവരങ്ങളും നൽകണം. ഏതെങ്കിലും രാജ്യത്തു നിന്നു നാടു കടത്തപ്പെടുകയോ മറ്റു ശിക്ഷാനടപടികൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതുണ്ട്. അപേക്ഷയിൽ പരാമർശിച്ചിട്ടുള്ള കുടുംബാംഗങ്ങളിൽ ആരെങ്കിലും ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളിൽ നടപടി നേരിട്ടിട്ടുണ്ടോ എന്ന ചോദ്യവുമുണ്ട്. കൂടുതൽ വിവരങ്ങൾ തേടുന്നുണ്ട്.

അപേക്ഷകരുടെ വ്യക്തിവിവരങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കു വേണ്ടിയാണ് ഫോമിൽ മാറ്റം വരുത്തുന്നതെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വ്യക്തമാക്കുന്ന. നയതന്ത്രതലത്തിലും ഔദ്യോഗികതലത്തിലും ലഭിക്കുന്ന വീസ അപേക്ഷകൾക്കു പക്ഷേ പുതിയ നിയന്ത്രണങ്ങൾ ബാധകമാക്കില്ല. പുതിയ വീസ ഫോമിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ 60 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

യു.എസിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് വിസ ചട്ടങ്ങൾ കൂടതൽ കർശനമാക്കിയത്. അതിവേഗത്തിൽ വിസ നൽകുന്ന സംവിധാനത്തിന് പല തവണ ട്രംപ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എച്ച് 1 ബി വിസ നൽകുന്നതിലും യു.എസ് നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.

പുതിയ നിയമം കൊണ്ട് വരുന്നത് രാജ്യത്ത് ഭീകരവാദം വളരാനുള്ള സാധ്യത ഇല്ലാതാക്കാനും ഭീകരതക്കെതിരെ ഉള്ള നടപടിയുടെ ഭാഗമാണ് ഇതെന്നുമാണ് പറയുന്നത്.