- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷൻ വിവാദങ്ങൾക്കിടെ യു.വി ജോസ് ഐഎഎസിന് പ്രമോഷൻ; തദ്ദേശ വകുപ്പ് അഡീ.സെക്രട്ടറിയായി നിയമിച്ചു; ലൈഫ് മിഷൻ സിഇഒ പദവിയിലും തുടരും; തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന സഞ്ജയ് എം കൗളിനെ ആഭ്യന്തര- വിജിലൻസ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചു; സപ്ലൈകോ മാനേജിങ് ഡയറക്ടർ ബി അശോകിനെ റോഡ് സേഫ്റ്റി കമ്മീഷണറായി മാറ്റി നിയമിച്ചു; എം ജി രാജമാണിക്യം കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ; ഐഎഎസ് തലപ്പത്തെ അഴിച്ചുപണി ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പത്ത് ഐ എ എസ് ഉദ്യാഗസ്ഥരെ മാറ്റി നിയമിച്ചുകൊണ്ടാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. യു.വി.ജോസ്, ഡോ. ആഷാ തോമസ്, രാജേഷ് കുമാർ സിൻഹ, ഡോ. ബി. അശോക്, സി.എ. ലത, ഹരികിഷോർ തുടങ്ങിയ പത്ത് ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിക്കുന്നത്. ലൈഫ് മിഷൻ സിഇഒ ആയ യു വി ജോസിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. ജോസ് ലൈഫ് മിഷൻ സിഇഒ പദവിയിലും തുടരും. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന സഞ്ജയ് എം കൗളിനെ ആഭ്യന്തര- വിജിലൻസ് വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി കെ ബിജുവിനെ ലാൻഡ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിച്ചു. ലാൻഡ് റവന്യൂ കമ്മീഷണറായിരുന്ന സി എ ലതയെ ഫിഷറീസ് ഡയറക്ടറായി മാറ്റി നിയമിക്കും. സപ്ലൈകോ മാനേജിങ് ഡയറക്ടറായിരുന്ന ബി അശോകിനെ റോഡ് സേഫ്റ്റി കമ്മീഷണറായി മാറ്റി നിയമിച്ചു. വനം വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ആശ തോമസിനെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ എത്തുന്ന രാജേഷ് കുമാർ സിൻഹ വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറിയായിരുന്ന കെ ഗോപാലകൃഷ്ണ ഭട്ടിനെ സൈനികക്ഷേമവകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. പ്രിന്റിങ് അന്റ് സ്റ്റേഷനറി വകുപ്പിന്റെ അധികചുമതലയും നൽകി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോറിന് പിആർഡിയുടെ അധിക ചുമതല കൂടി നൽകി. ഫിഷറീസ് ഡയറക്ടറായിരുന്ന എം ജി രാജമാണിക്യത്തെ കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി മാറ്റി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
വിവര-പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടർ യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി മാറ്റി നിയമിച്ചതാണ് ഇതിൽ പ്രധാനമായി മാറിയത്. ഇദ്ദേഹം ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല തുടർന്നും വഹിക്കും. പിണറായി സർക്കാറിന്റെ സുപ്രധാന പദ്ധതിയാണ് ലൈഫ് മിഷൻ. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്നു കിടക്കുന്ന പദ്ധതിയിൽ യു വി ജോസിന് നിർണായക റോൾ വഹിക്കുന്നുണ്ട്. ഇതിന് സർക്കാർ അദ്ദേഹത്തെ നിയോഗിക്കുക തന്നെയായിരുന്നു.
അതേസമയം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ലൈഫ് മിഷൻ സിഇഒ യു.വി ജോസിന്റെ മൊഴി എൻഫോഴ്സ്മെന്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വച്ചാണ് എൻഫോഴ്സ്മെന്റ് മൊഴി രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ-റെഡ് ക്രെസന്റ് പദ്ധതിയുടെ കീഴിൽ വടക്കാഞ്ചേരിയിലെ വിവാദ ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട വസ്തുതകളിൽ വ്യക്തത വരുത്തനാണ് എൻഫോഴ്സ്മെന്റ് യു.വി ജോസിനെ ചോദ്യംചെയ്തത്.
ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിനായി കരാറിൽ ഒപ്പിട്ടത് യു.വി ജോസായിരുന്നു. ഈ കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപവും വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ഇടപാട് പദ്ധതിയിൽ നടന്നതായുള്ള ആരോപണങ്ങളും ഉയർന്നു. ഇക്കാര്യങ്ങളിലെല്ലാം സിഇഒയ്ക്കുള്ള വിശദീകരണമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടിയത്. അതേസമയം മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ എൻഫോഴ്സ്മെന്റ് വീണ്ടും അദ്ദേഹത്തെ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ