- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അണ്ടർ 19 ഏഷ്യകപ്പ്: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ; ജയം 103 റൺസിന്; സെമിയിൽ പാക്കിസ്ഥാനെ കീഴടക്കി ശ്രീലങ്ക; കലാശപ്പോരാട്ടം വെള്ളിയാഴ്ച ദുബായിൽ

ഷാർജ: അണ്ടർ 19 ഏഷ്യകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. ബംഗ്ലാദേശിനെ 103 റൺസിന് കീഴടക്കിയാണ് ഇന്ത്യൻ യുവനിര കലാശപ്പോരിന് യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 38.2 ഓവറിൽ എല്ലാവരും പുറത്തായി.
മറ്റൊരു സെമിയിൽ ശ്രീലങ്ക, പാക്കിസ്ഥാനെ 22 റൺസിന് തോൽപ്പിച്ചു. ദുബായിൽ പാക്കിസ്ഥാനെതിരെ 22 റൺസിന്റെ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 147ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാന് 49.3 ഓവറിൽ 125ന് എല്ലാവരും പുറത്തായി. ട്രവീൺ മാത്യൂ ലങ്കയ്ക്കായി നാല് വിക്കറ്റ് വീഴ്‌ത്തി. 31ന് ദുബായിലാണ് ഫൈനൽ.
ബംഗ്ലാദേശിന് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. 21.5 ഓവറിൽ മൂന്നിന് 62 എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പൺമാരായ ആൻഗ്രിഷ് രഘുവൻഷി (16), ഹർനൂർ സിങ് (15), നാലാമനായി എത്തിയ നിശാന്ത് സിദ്ദു (5) എന്നിവർ പവലിയനിൽ തിരിച്ചെത്തി. എന്നാൽ ഒരുവശത്ത് പിടിച്ചുനിന്ന ഷെയ്ഖ് റഷീദിലൂടെ ( 108 പന്തിൽ പുറത്താവാതെ 90) ഇന്ത്യ കരകയറി. യഷ് ദുൽ (26), രാജ് ബാവ (23) എന്നിവർ ചെറിയ പിന്തുണ നൽകി.
ഇരുവരും പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കുശാൽ താംമ്പെ (3), ആദിത്യ യാദവ് (8) എന്നിവർക്കും കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ബൗളർമാരായ രാജ്യവർദ്ധൻ ഹംഗർഗേക്കർ (16), വിക്കി ഒസ്ത്വാൾ (18 പന്തിൽ പുറത്താവാതെ 28) എന്നിവരെ കൂട്ടുപിടിച്ച് റഷീദ് മാന്യമായ സ്‌കോറിലെത്തിച്ചു.
റാകിബുൾ ഹസൻ ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് നിരയിൽ ആരിഫുൽ ഇസ്ലാം (42) മാത്രമാണ് തിളങ്ങിയത്. ഓപ്പണർ മഹ്ഫിജുൽ ഇസ്ലാം 26 റൺസെടുത്തു. ഇന്ത്യക്കായി ഹംഗർഗേക്കർ, രവി കുമാർ, രാജ് ബാവ, ഒസ്ത്വാൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. സിദ്ദു, താംബെ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.


