ൾഫ് നാടുകളിലെ തൊഴിലവസരങ്ങൾ തേടി ഏജന്റുമാർക്ക് പിന്നാലെ പോകേണ്ട കാര്യം ഇനിയില്ല. ഇന്ത്യയിൽനിന്നുള്ള തൊഴിലന്വേഷകർക്കുമാത്രമായി ഓൺലൈൻ പോർട്ടലുണ്ടാക്കാൻ യു.എ.ഇ സർക്കാരും ഇന്ത്യയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവെച്ചത്.

യുഎഇയിൽ ജോലി തേടുന്ന ഇന്ത്യക്കാർക്ക് ജോലിക്കുള്ള അപേക്ഷയും കരാറുമൊക്കെ ഓൺലൈനായി സമർപ്പിക്കാനാകുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടരി ഡോ. ഒമർ അൽ ന്യുയമി പറഞ്ഞു. ഈ പോർട്ടർ സമാനസ്വഭാവത്തിലുള്ള ഇന്ത്യൻ പോർട്ടലായ ഇമൈഗ്രേറ്റുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണത്തിന്റെ പുതിയ മേഖലയാണ് ഇതിലൂടെ തുറക്കുന്നതെന്ന് ന്യൂയമി പറഞ്ഞു. നിയമപ്രകാരമുള്ള റിക്രൂട്ട്‌മെന്റിന് ഇത് വഴിതുറക്കും. തട്ടിപ്പുകൾ തടയുന്നതിനും ഉചിതമായ ജോലി തിരഞ്ഞെടുക്കുന്നതിനും ഇതിലൂടെ സാധിക്കും.

ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ തുറക്കുന്നതിനും ഓൺലൈൻ സംവിധാനം വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ധാരണാപത്രം നടപ്പിലാക്കുന്നതിന് ഇരുരാജ്യങ്ങളും ചേർന്ന് സംയുക്ത സമിതിക്ക് രൂപം നൽകുമെന്നും ന്യൂയമി പറഞ്ഞു. ഇതിനായി യുഎഇ ഹ്യൂമൻ റിസോഴ്‌സസ് മന്ത്രാലയയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കും. യുഎഇയിലെ തൊഴിലവസരങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തെ യഥാസമയം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെയും യുഎഇയിലെയും പോർട്ടലുകളുടെ ബന്ധിപ്പിക്കൽ പൂർത്തിയായിക്കഴിഞ്ഞാൽ, ജോലിക്കപേക്ഷിക്കുന്നതിന് നിശ്ചിത രൂപം കൈവരും. ജോലിക്ക് അപേക്ഷിക്കുന്നതിന്റെ നിശ്ചിത മാതൃകയും ജോലിക്കരാറും പോർട്ടലിൽ ലഭ്യമാക്കും. ഇതിലൂടെ തൊഴിലന്വേഷകർക്ക് ജോലിയെക്കുറിച്ച് വ്യക്തമായി അറിയാനും തിരഞ്ഞെടുക്കാനും സാധിക്കും.

മൂന്നോ നാലോ മാസത്തിനുള്ളിൽ ഇതിനുള്ള നടപടികൾ പൂർത്തിയാകുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സൂരി പറഞ്ഞു. യുഎഇയിലെ നിയമനങ്ങൾ കൂടുതൽ സുതാര്യവും കൃത്യതയുമുള്ളതാക്കാൻ ഓൺലൈൻ സംവിധാനം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോലിക്ക് ചേരുന്നവർക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള കരാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.