ദുബായ്: ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് യു.എ.ഇ. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. യു.എ.ഇ.യിലെ പുതുക്കിയ തൊഴിൽനിയമപ്രകാരം തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകേണ്ടത് നിർബന്ധമാണ്. ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴയുൾപ്പെടെയുള്ള കടുത്തശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

പുതിയ ഉത്തരവ് പ്രകാരം ശമ്പളം നൽകേണ്ട നിശ്ചിത തീയതി കഴിഞ്ഞാൽ മൂന്നാംദിവസവും പത്താംദിവസവും സ്ഥാപനങ്ങൾക്ക് ഔദ്യോഗിക മുന്നറിയിപ്പുകൾ നൽകും. അൻപതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ശമ്പളം നൽകേണ്ട തീയതി കഴിഞ്ഞ് 17 ദിവസം വൈകിയാൽ മന്ത്രാലയത്തിൽനിന്നുള്ള പരിശോധനാസംഘം നേരിട്ടെത്തും. ചെറിയ സ്ഥാപനങ്ങളാണെങ്കിൽ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് തടയൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

ശമ്പളം നൽകാൻ കൂടുതൽ ദിവസം വൈകുന്നതിനനുസരിച്ച് നടപടികളും ശക്തമാക്കും. 30 ദിവസത്തിലധികം ശമ്പളം വൈകിയാൽ സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിക്കാൻ പബ്ലിക് പ്രോസിക്യൂഷന് നോട്ടീസ് നൽകും. 50 മുതൽ 499 ജീവനക്കാർവരെയുള്ള സ്ഥാപനങ്ങൾക്കെതിരേയാണ് ഈ നടപടി. 500-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം 'ഹൈ റിസ്‌ക് ' സ്ഥാപനങ്ങളുടെ പട്ടികയിൽപ്പെടുത്തും.

ശമ്പളം നൽകാത്ത തൊഴിലുടമയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളുടെയും വർക്ക് പെർമിറ്റുകൾ തടഞ്ഞുവെക്കും. സമയത്ത് ശമ്പളം നൽകാതിരിക്കുന്നത് ആവർത്തിച്ചാലോ ഒന്നിലധികം നിയമലംഘനങ്ങൾ നടത്തിയാലോ മന്ത്രാലയത്തിൽനിന്നുള്ള പരിശോധനയുണ്ടാവും. പിഴ ചുമത്തുകയും താഴ്ന്ന കാറ്റഗറിയിലേക്ക് സ്ഥാപനത്തെ മാറ്റുകയും ചെയ്യും. തുടർച്ചയായ മൂന്നുമാസം ശമ്പളം വൈകിയാൽ വർക്ക് പെർമിറ്റുകൾ നൽകാനോ പുതുക്കാനോ സാധിക്കില്ല. ആറ്ുമാസത്തിലധികം ശമ്പളം വൈകിയാൽ പബ്ലിക് പ്രോസിക്യൂഷനിൽ റിപ്പോർട്ട് ചെയ്ത് നിയമനടപടികൾ സ്വീകരിക്കും. പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള മറ്റ് നടപടികളുമുണ്ടാകും.