ദുബായ്: ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെയും ആരോഗ്യ, സുരക്ഷ മേഖലയിലും സ്വദേശികളെ നിയമിച്ച്  യുഎഇയിൽ സ്വദേശവത്കരണ നടപടികൾക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ പട്ടിക തയാറാക്കി. ഇതിൽ നിന്ന് ആവശ്യമുള്ള വരെ തൊഴിലുടമകൾക്ക് തെരഞ്ഞെടുക്കും. സ്വകാര്യമേഖലയിലും സ്വദേശിവത്ക്കരണം നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

ആയിരത്തിലേറെ തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികൾ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്. ഇത്തരം സ്ഥാപനങ്ങൾ പുതുവർഷം മുതൽ ഡേറ്റ എൻട്രിക്കായി സ്വദേശികളെ നിയമിക്കുകയും വേണം.

അഞ്ഞൂറോ അതിലേറെയോ തൊഴിലാളികളുള്ള നിർമ്മാണക്കമ്പനികൾ സുരക്ഷാ  ആരോഗ്യ വിഭാഗത്തിൽ ഒരു സ്വദേശിയെ നിയമിക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പുതിയ തൊഴിൽ അനുമതി പത്രങ്ങൾ അനുവദിക്കുന്നതല്ല. നിലവിലുള്ള നിയമപ്രകാരം തന്നെ ഇത്തരക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു