ദുബായ്: അടുത്തമാസം ഒന്നുമുതൽ യു.എ.ഇ.പൗരന്മാർക്കും ഇവിടെ ജീവിക്കുന്ന ഇതരരാജ്യക്കാർക്കും ഇന്ത്യയിലേക്ക് അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ബിസിനസ് വിസ അനുവദിക്കും. മറ്റു ഗൾഫ് രാജ്യങ്ങളിലുള്ളവർക്കും അധികംവൈകാതെതന്നെ ഈ സൗകര്യം ലഭ്യമാവും. അധികംവൈകാതെ അഞ്ചുവർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയും ഇന്ത്യ അനുവദിക്കും. ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സൗഹൃദവും സഹകരണവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം.

ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് ധാരാളംപേർ യു.എ.ഇ.യിൽനിന്ന് നിരന്തരം യാത്രചെയ്യുന്നുണ്ട്. ഇത്തരക്കാർക്കായി അഞ്ചുവർഷത്തേക്കുള്ള വിസ അനുവദിച്ചാൽ ഇതുസംബന്ധിച്ച തിരക്കുകളും കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 15,000 ദിർഹമാണ് ഇത്തരം വിസയ്ക്ക് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും യോജിച്ച പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നത്. ഇപ്പോൾതന്നെ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് പോകുന്നവർക്ക് അതിനാവശ്യമായ വിസ നൽകുന്നുണ്ട്. അഞ്ചുവർഷത്തേക്ക് ബിസിനസ്, ടൂറിസ്റ്റ് വിസ നൽകുന്നതോടെ ഇന്ത്യയിലേക്കുള്ള വിദേശികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും.

ഇന്ത്യയും യു.എ.ഇ.യും തമ്മിലെ വ്യോമയാന നയങ്ങൾ സംബന്ധിച്ച അടുത്തവട്ടം ഉന്നതതലചർച്ച ഈ വർഷം പകുതിയോടെ നടക്കും. ഇരുരാജ്യങ്ങളിലേക്കുമുള്ള വിമാനസർവീസുകളും സീറ്റുകളും വർധിപ്പിക്കുന്നതിനുള്ള ചർച്ചയാണിത്. ഇപ്പോൾ ഇന്ത്യൻ വിമാനങ്ങൾക്ക് ഇവിടെ ഇറങ്ങുന്നതിനുള്ള സമയംസംബന്ധിച്ച് ചില പ്രയാസങ്ങളുണ്ട്. ഇരുകൂട്ടർക്കും സ്വീകാര്യമായ പരിഹാരം ഉരുത്തിരിയുമെന്നാണ് പ്രതീക്ഷയെന്നും യു.എ.ഇ.യിലെ ഇന്ത്യൻ അംബാസഡർ നവ്ദീപ് സൂരി വിശദീകരിച്ചു.

പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്നതായും ആർക്കും ഇതിനായി കോൺസുലേറ്റിനെ സമീപിക്കാമെന്നും സ്ഥലം മാറിപ്പോകുന്ന കോൺസൽ ജനറൽ അനുരാഗ് ഭൂഷൺ പറഞ്ഞു.