ദുബായ്: യു.എ.ഇ. മന്ത്രിസഭ പുനഃസംഘടിപ്പിച്ചത് യുവത്വത്തിന്റെ കരുത്തിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് പുതിയ വകുപ്പുകൾ പ്രഖ്യാപിച്ചത്. യുവത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു മാറ്റങ്ങൾ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി) ഒരു പ്രത്യേക വകുപ്പായി ഉൾപ്പെടുത്തി, ഇരുപത്തിയേഴുകാരനായ ഒമർ ബിൻ സുൽത്താൻ അൽ ഒലാമയെ മന്ത്രിയായി നിയമിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ലോകത്തെ നയിക്കാൻ കെല്പുള്ള രാജ്യമായി യു.എ.ഇ.യെ മാറ്റുകയാണ് ലക്ഷ്യം. നൂതന ശാസ്ത്രമാണ് മറ്റൊരു പുതിയവകുപ്പ്. മുപ്പതുകാരിയായ സാറ അൽ അമീറിക്കാണ് ഈ വകുപ്പിന്റെ ചുമതല. ഭക്ഷ്യസുരക്ഷാ മന്ത്രിയായി മറിയം അൽ മെഹിരി നിയമിതയായി.

ഉന്നതവിദ്യാഭ്യാസമന്ത്രി അഹമ്മദ് അബ്ദുല്ല ഹുമൈദ് ബെൽ ഹോൾ അൽ ഫലസിക്ക് 'അഡ്വാൻസ്ഡ് സ്‌കിൽസ്' എന്ന പുതിയ വകുപ്പിന്റെ ചുമതലകൂടി നൽകി. സാമൂഹിക വികസന മന്ത്രിയായി ശൈഖ് മുഹമ്മദ് നിയമിച്ചത് ഹെസ്സ ബിൻത് ഈസ ബു ഹുമൈദിനെയാണ്. മനുഷ്യ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രിയായി നാസ്സർ ബിൻ താനി അൽ ഹമേലി നിയമിതനായി. സഹിഷ്ണുതാ വകുപ്പിന്റെ പുതിയ അമരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത് ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെയാണ്. നൂറ അൽ കഅബിയാണ് പുതിയ സാംസ്‌കാരിക-വൈജ്ഞാനിക വികസന മന്ത്രി.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനുമായും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും കൂടിയാലോചിച്ചശേഷമാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.ദീർഘകാലം സേവനമനുഷ്ഠിച്ച് മന്ത്രിസഭയിൽനിന്ന് പുറത്തേക്കുപോകുന്ന മന്ത്രിമാർക്ക് ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തിയാണ് ശൈഖ് മുഹമ്മദ് ട്വിറ്റർ സന്ദേശം അവസാനിപ്പിച്ചത്.

വിജ്ഞാനം വർധിപ്പിക്കുക, ശാസ്ത്ര ഗവേഷണങ്ങൾക്ക് പിന്തുണ നൽകുക, യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരിക മുതലായവയാണ് പുതിയ മന്ത്രിസഭയുടെ പ്രധാന ലക്ഷ്യങ്ങളെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.