യു.എ.ഇയുടെ ആകാശം ഉപയോഗിക്കുന്നതിൽ പത്ത് രാജ്യങ്ങൾക്കും 30 കമ്പനികൾക്കും വിലക്കേർപ്പെടുത്തിയതായി അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു. സുരക്ഷാ കാര്യത്തിൽ പൂർണ പ്രതിബദ്ധത പുലർത്താത്തതിനാലാണ് ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

വിദേശ വിമാനങ്ങളുടെ സുരക്ഷാ വിലയിരുത്തലിനുള്ള ദേശീയ പദ്ധതി പ്രകാരം 300ലധികം പരിശോധനകളും അഥോറിറ്റി നടത്തിയിട്ടുണ്ട്. അതേസമയം, ഏതൊക്കെ രാജ്യങ്ങൾക്കും കമ്പനികൾക്കുമാണ് വിലക്കേർപ്പെടുത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റി മുന്നോട്ടുവച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് വരെ വിലക്ക് തുടരും.

ഓരോ വിമാനവും വ്യോമയാന സുരക്ഷാ സംഘം പരിശോധിക്കുന്നത് അനുസരിച്ച് ബോർഡ് വിലക്ക് ഏർപ്പെടുത്തൽ സംബന്ധിച്ച് വിലയിരുത്തൽ നടത്തുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റി ഡയറക്ടർ ജനറൽ സൈഫ് അൽ സുവൈദി പറഞ്ഞു.

രാജ്യത്തിന് ഭീഷണിയാകുന്ന വിമാനക്കമ്പനികളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന് അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ യാത്രക്കാരുടേയും വിമാനത്താവള ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുകയാണ് യുഎഇ.